പഠനം പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കൊല്ലം പരീക്ഷയില്ല; ആശങ്കയോടെ എം.ബി.ബി.എസ്. വിദ്യാർഥികൾ
തിരുവനന്തപുരം: എം.ബി.ബി.എസ്. മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല. ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത വർഷത്തെ പേപ്പറുകൾക്കൊപ്പം നടത്താൻ സർവകലാശാലാ അക്കാദമിക് കൗൺസിൽ തീരുമാനിച്ചത്.
2020 ബാച്ച് വിദ്യാർഥികളാണ് ഇതോടെ ആശങ്കയിലായത്. അടുത്തവർഷം കൂടുതൽ പേപ്പറുകൾ പഠിക്കാനുണ്ടായിരിക്കെ രണ്ട് വിഷയങ്ങൾകൂടി വീണ്ടും പഠിക്കേണ്ടിവരുന്നുവെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. ഇത് വിദ്യാർഥികളിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നതായി രക്ഷിതാക്കളും പറയുന്നു.
അതേസമയം എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് അവസാനവർഷം നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിട്ടുള്ള നെക്‌സ്റ്റ് പരീക്ഷയ്ക്ക് ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് മൂന്നാം വർഷ പരീക്ഷയിൽ നിന്ന് ഈ വിഷയങ്ങൾ ഒഴിവാക്കിയതെന്ന് ആരോഗ്യ സർവകലാശാലാ അധികൃതർ പറഞ്ഞു. ഇക്കൊല്ലം ഈ വിഷയങ്ങൾക്ക് പരീക്ഷ എഴുതേണ്ടിവന്നാൽ നെക്‌സ്റ്റ് പരീക്ഷയ്ക്ക് വിദ്യാർഥികൾ ഇതേ വിഷയം വീണ്ടും എഴുതേണ്ടിവരും. അതൊഴിവാക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.