വിന്‍ഡോസ് പത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മൈക്രോസോഫ്റ്റ്; 24 കോടി പിസികളെ ബാധിക്കും

Share our post

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്. ഇതുവഴി 24 കോടി പേഴ്‌സണല്‍ കംപ്യൂട്ടറുകൾക്ക് കമ്പനിയുടെ സാങ്കേതിക പിന്തുണ ലഭിക്കാതാവും. ഇത് വലിയ രീതിയില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍. ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇത് 320,000 കാറുകള്‍ക്ക് തുല്യമാണ്.

2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒ.എസ്. ഇത് മന്ദഗതിയിലുള്ള പിസി വിപണിയെ ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്.

ഒഎസ് പിന്തുണ അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്‌ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന് കനാലിസ് പറയുന്നു.

2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ അതിന് വാര്‍ഷിക നിരക്ക് ഇടാക്കും. ഇത് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഈ നിരക്ക് കൂടുതലാണെങ്കില്‍ പുതിയ പിസികളിലേക്ക് മാറുന്നതായിരിക്കും ലാഭകരം. സ്വാഭാവികമായും ആളുകള്‍ പുതിയ സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന കംപ്യൂട്ടറുകളിലേക്ക് മാറാനാണ് സാധ്യത. ഇത് ഉപേക്ഷിക്കപ്പെടുന്ന പഴയ പിസികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയാക്കും. അതേസമയം വിന്‍ഡോസ് 10 നുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ചുള്ള അഭിപ്രായത്തോട് മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!