പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി അടുത്ത വർഷം

ഇരിട്ടി: കെ.എസ്.ഇ.ബി നേരിട്ട് നടത്തുന്ന ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതി അടുത്ത വർഷം കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയിലൂടെ പ്രതിവർഷം 25.16 മില്യൻ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്.
2017ൽ ആരംഭിച്ച പ്രവൃത്തി കാലവർഷക്കെടുതി മൂലം നീണ്ടു പോയിരുന്നു. തുടർന്ന് എസ്റ്റിമേറ്റ് തുക പുതുക്കണമെന്നു കരാർ കമ്പനി കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. പിന്നീട് കെ.എസ്.ഇ.ബിയുമായി നടത്തിയ ചർച്ചയിലാണ് കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താതെ പ്രവൃത്തി തുടരാൻ കമ്പനി തയാറായത്.
ഇതിനിടെ ഒരു വർഷത്തിലധികം പദ്ധതിയുടെ പ്രവർത്തനം മന്ദീഭവിച്ചിരുന്നു.ജല സംഭരണിയിൽ നിന്നു പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. ഇതിൽ സ്റ്റീൽ ലൈനിങ് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു.ഇതു പൂർത്തിയായാൽ പഴശ്ശി ജല സംഭരണിയുടെ വലതു കരയുടെ താഴ്‌ന്ന ഭാഗത്ത് 2.5 മെഗാ വാട്ട് വീതം സ്ഥാപിത ശേഷിയുള്ള മൂന്ന് ഹോറിസോണ്ടൽ കപ്ലാൻ ടർബൈനുകളും ജനറേറ്ററുകളും സ്ഥാപിച്ച് ഉൽപാദനം തുടങ്ങും.
മട്ടന്നൂർ-കുയിലൂർ 33 കെവി സബ് സ്റ്റേഷനിൽ എത്തിച്ചാണു വൈദ്യുതി വിതരണം നടത്തുക.പഴശ്ശി പദ്ധതിയിൽ മഴക്കാലത്ത് ശേഖരിച്ച് നിർത്തുന്ന വെള്ളം പ്രധാന തുരങ്കം വഴി മറ്റ് 3 തുരങ്കങ്ങളിലേക്ക് കടത്തിവിട്ടാണു വൈദ്യുതി ഉൽപാദനം നടത്തുക. ഇതിനാൽ, മഴ ലഭിക്കുന്ന ജൂൺ മുതൽ നവംബർ വരെയുള്ള 6 മാസമാണ് വൈദ്യുതോൽപാദനം നടക്കുക. തുടർന്നു വെള്ളം വളപട്ടണം പുഴയിലേക്കു ഒഴുക്കിവിടുന്നതിനാൽ പുഴയിലെ നീരൊഴുക്കിനു തടസ്സം നേരിടില്ല.