മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ; വടക്കന്‍ കേരളത്തിലെ ഏക ബസിലിക്ക

Share our post

കോഴിക്കോട്: മലബാറിലെ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന ഇടമായ മാഹി അമ്മ ത്രേസ്യ തീര്‍ഥാടന കേന്ദ്ര(മാഹി പള്ളി, മാഹി സെയ്‌ൻറ് തെരേസാ തീർഥാടന കേന്ദ്രം)ത്തെ ബസിലിക്കയായി ഉയര്‍ത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് കോഴിക്കോട് രൂപത വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ശതാബ്ദിയുടെ നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച അംഗീകാരവും ക്രിസ്മസ് സമ്മാനവുമായി ഇതിനെ സ്വീകരിക്കുന്നതായി രൂപത പ്രതികരിച്ചു.

വടക്കന്‍ കേരളത്തില്‍ ഇതുവരെയും ഒരു ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. ഇതോടെ മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി പള്ളി അറിയപ്പെടും. തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ഒരു ബസിലിക്കപോലും ഇല്ലയെന്നതാണ് ശ്രദ്ധേയം.

റോമന്‍സഭയുമായും കത്തോലിക്കാസഭയുടെ അധികാരിയായ മാര്‍പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവമായ ആരാധനാക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകള്‍. ആരാധനാക്രമം, കൂദാശകള്‍, സൗന്ദര്യം, വലുപ്പം, പ്രശസ്തി, ദൗത്യം, പ്രാചീനത, അന്തസ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ദേവാലയത്തെ മാര്‍പാപ്പ ബസിലിക്കയായി ഉയര്‍ത്തുന്നത്.

സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ എന്നിങ്ങനെ ലോകത്ത് നാല് പ്രധാന മേജര്‍ ബസിലിക്കകളാണുള്ളത്. ഇവയെല്ലാം റോമിലുമാണ്. മറ്റെല്ലാ ബസിലിക്കകളും മൈനര്‍ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ അര്‍ത്തുങ്കല്‍ ബസിലിക്ക, വല്ലാര്‍പ്പാടം ബസിലിക്ക, തൃശൂര്‍ പുത്തന്‍പ്പള്ളി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക എന്നിവ ഇതിന് ഉദാഹരമാണ്.

ഒരു ദേവാലയം ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങള്‍ മാഹി പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

1.കുട
മഞ്ഞയും ചുവപ്പും(പരമ്പരാഗത പേപ്പല്‍ നിറങ്ങള്‍) വരകളാല്‍ രൂപകല്‍പന ചെയ്ത പട്ടുമേലാപ്പിന്റെ കുട മാര്‍പാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.

2.മണികള്‍
പോപ്പുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ ബസിലിക്കയില്‍ ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍ മധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തും മാര്‍പാപ്പയുടെ ഘോഷയാത്രകളില്‍ പരിശുദ്ധപിതാവിന്റെ സാമിപ്യത്തെ കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു.

3.പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍
മാര്‍പാപ്പയുടെ പ്രതീകമാണിത്. ക്രിസ്തു പത്രോസിന് നല്‍കിയ വാഗ്ദാനത്തെ ഇത് സൂചിപ്പിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!