പറയാന്‍ 132 വര്‍ഷത്തെ കഥകള്‍, ബ്രണ്ണന്‍ കോളജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ മഹാസംഗമം

തലശ്ശേരി: സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയ സമൂഹത്തില്‍ വിഭാഗീയതകള്‍ക്കപ്പുറമുള്ള മാനവികത ഉദ്‌ഘോഷിക്കുന്നതിനും മുമ്പായിരുന്നു ഒരു ബ്രിട്ടീഷുകാരന്‍ തലശ്ശേരിയില്‍ ഈ ചിന്തകള്‍ക്ക് വിത്തിട്ടത്. ആ വിത്ത് മുളച്ചുപൊന്തിയ ബ്രണ്ണന്‍ കോളജും അതേ വഴിയിലൂടെ തന്നെയായിരുന്നു സഞ്ചരിച്ചത്.
ഒന്നര നൂറ്റാണ്ടോളമായി വടക്കന്‍ കേരളത്തിലെ അനേകം തലമുറകള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്ന തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജില്‍ ഒരു മഹാസംഗമത്തിന് അരങ്ങൊരുങ്ങുന്നു. 132 വര്‍ഷത്തെ പാരമ്പര്യമുള്ള കോളജില്‍, ഇക്കാലയളവില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ മഹാസംഗമത്തിനാണ് വേദിയാവുന്നത്. ‘അല’ എന്നു പേരിട്ട സംഗമം 2024 ഫെബ്രുവരി 10, 11 തീയതികളില്‍ കാമ്പസില്‍ നടക്കും. ഇതിനു മുന്നോടിയായി, ജനുവരി എട്ടിന് കോളജ് യൂനിയന്‍ പൂര്‍വ്വ സാരഥി സംഗമവും നടക്കും.
നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ പ്രൊഫ. സി ബാബുരാജ് രക്ഷാധികാരിയുമായ സമിതിയാണ് സംഘാടനത്തിന് നേതൃത്വം നല്‍കുന്നത്. പ്രൊഫ. എ വല്‍സലനാണ് ജനറല്‍ കണ്‍വീനര്‍. ഡോ. മഞ്ജുള കെ. വി കോ-ഓര്‍ഡിനേറ്റര്‍.
സംഗമവുമായി ബന്ധപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ഥികളുടെ വിപുലമായ ഡാറ്റാബേസ് ഉണ്ടാക്കുന്നുണ്ട്. അതിനായി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പേര്, അഡ്രസ്സ്, കോണ്‍ടാക്ട് നമ്പര്‍, ബാച്ച്, അദ്ധ്യയന വര്‍ഷം, ഡിപ്പാര്‍ട്‌മെന്റ്, എന്നീ വിവരങ്ങള്‍ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. ഈ ലിങ്ക് പരമാവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ എത്തിക്കണമെന്നും സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് ഇതാണ്: https://www.alumni.brennencollege.ac.in/student.php#formstu