കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം ഷിദ ജഗത്തിന്

തലശേരി : തലശേരി പ്രസ്ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി തലശേരി ടൗൺ സർവീസ് സഹകരണ ബാങ്കുമായി ചേർന്ന് ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം മീഡിയ വൺ കോഴിക്കോട് ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത്തിന്. ഫെബ്രുവരി ഏഴിന് ടെലികാസ്റ്റ് ചെയ്ത ‘ജീവനിൽ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങൾ’ എന്ന വാർത്തയാണ് പുരസ്കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ, കണ്ണൂർ ജില്ല ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, തലശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണയിച്ചത്. 25ന് പകൽ 12ന് തലശരി ലയൺസ്ക്ലബ് ഹാളിൽ ചേരുന്ന മാധ്യമപ്രവർത്തക കുടുംബസംഗമത്തിൽ മുൻ മന്ത്രി ഇ.പി. ജയരാജൻ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന മാധ്യമപുരസ്കാരം, നവകേരള പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ച ഷിദ ജഗത് കോഴിക്കോട് ചെറുകുളത്തൂർ സ്വദേശിയാണ്. ഭർത്താവ്: ജഗത് ലാൽ (ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ). മക്കൾ: ഷാവേസ് ലാൽ, സഫ്ദർ ലാൽ (വിദ്യാർഥികൾ). വാർത്താസമ്മേളനത്തിൽ കാരായി ചന്ദ്രശേഖരൻ, നവാസ് മേത്തർ, പി. ദിനേശൻ, അനീഷ് പാതിരിയാട്, കെ.പി. ഷീജിത്ത്. ബാങ്ക് സെക്രട്ടറി എം.ഒ. റോസ്ലി, വൈസ്പ്രസിഡന്റ് എൻ. ബിജു, ഡയരക്ടർ പി.വി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.