ജില്ലയിൽ ക്വാറി-ക്രഷർ പണിമുടക്ക് പൂർണം

കണ്ണൂർ : ക്വാറി-ക്രഷർ മേഖലയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മലബാർ മേഖല ക്വാറി-ക്രഷർ ഓണേഴ്‌സ് ഏകോപനസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തി. മലബാർ മേഖലയിലെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിലാണ് ക്വാറികൾ അടച്ചിട്ടത്.
സർക്കാർ സമീപനം അനുകൂലമല്ലെങ്കിൽ ജനുവരി അവസാനത്തോടെ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഇ.സി. ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് യു.സെയ്ത്, ക്വാറി-ക്രഷർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.രാജീവൻ, ജനറൽ സെക്രട്ടറി വി.കെ.ബെന്നി എന്നിവർ അറിയിച്ചു.
അന്യസംസ്ഥാന കരിങ്കൽ കടത്ത് അന്വേഷിക്കുക, ഭൂവുടമകൾക്ക് അവകാശപ്പെട്ട ധാതുക്കൾക്ക് അന്യായമായി ഈടാക്കുന്ന റോയൽറ്റിയും പിഴയും തിരിച്ചു നൽകുക, പാരിസ്ഥിതികാനുമതിയുടെ കാലാവധി മൈൻ ലൈഫ് വരെ നീട്ടി കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവിന് എതിരായി ഭേദഗതികൾ ആവശ്യപ്പെട്ട സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെയും ആഘാത നിർണയ സമിതിയുടെയും നടപടികൾ അന്വേഷിക്കുക, ക്വാറികളുടെ അദാലത്ത് സംബന്ധിച്ച ഉത്തരവിലെ അപാകങ്ങൾ പരിഹരിക്കുക, സംസ്ഥാന സർക്കാർ മാർച്ചിൽ പുറപ്പെടുവിച്ച ഖനന ചട്ടഭേദഗതികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്വാറികൾ അടച്ചിട്ടത്.