തിരുനാളിന് വെടിക്കെട്ട് വേണ്ടാ; ആ പണംകൊണ്ട് പാവങ്ങള്‍ക്ക് വീട് പണിത് കൊടുക്കണമെന്ന് തലശ്ശേരി രൂപത

കണ്ണൂർ: പള്ളിത്തിരുനാളാഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപത. ക്രിസ്‌മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം നിർദേശിക്കുന്നത്.
ആരാധനാലയങ്ങളിലെ വെടിക്കെട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് സർക്കുലർ. ദൈവത്തെ പ്രീതിപ്പെടുത്താൻ ദൈവാലയങ്ങളിൽ പടക്കം പൊട്ടിക്കണമെന്ന് വിശുദ്ധ പുസ്‌തകങ്ങളിൽ പറയുന്നില്ല എന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവലിൻ്റെ പരാമർശവും സർക്കുലറിൽ ചേർത്തിട്ടുണ്ട്.
നിയമപ്രകാരം എക്‌സ്പ്ലോസീവ് ലൈസൻസ് നൽകേണ്ടത് കളക്‌ടറാണെന്ന് മാർ പാംപ്ലാനി ചൂണ്ടിക്കാട്ടുന്നു. ‘ഇത് കിട്ടാൻ വേണ്ടുന്ന സുരക്ഷാ ക്രമീകരണങ്ങൾ എളുപ്പം ചെയ്യാൻ കഴിയില്ല. എല്ലാ ജില്ലകളിലും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അനുമതി വാങ്ങാതെ വെടിക്കെട്ട് നടത്തിയാൽ പള്ളിവികാരി ഒന്നാം പ്രതിയായും കൈക്കാരൻമാരും കമ്മിറ്റി അംഗങ്ങളും കൂട്ടുപ്രതികളുമായും കേസ് രജിസ്റ്റർ ചെയ്യപ്പെടും.
വെടിക്കോപ്പുകൾക്കുള്ള പണം ജീവകാരുണ്യ പ്രവൃത്തികൾക്ക്, പ്രത്യേകിച്ച് ഭവനരഹിത വ്യക്തിക്ക് വീട് നിർമിച്ചുനൽകാൻ ഉപയോഗിച്ചാൽ അത് ശ്രേഷ്ഠമായ തിരുനാൾ ആഘോഷമാകും. ഇതിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് കൈക്കൊള്ളുകയും തിരുനാളിൽ ആത്മീയ ആഘോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും വേണം -സർക്കുലർ പറയുന്നു.
അസമയത്ത് ആരാധനാലയങ്ങളിൽ കരിമരുന്ന് പ്രയോഗം പാടില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ നവംബർ മൂന്നിനാണ് ഉത്തരവിട്ടത്. ഇത് പിന്നീട് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി.
289,559 വിശ്വാസികളുള്ള തലശ്ശേരി അതിരൂപതയ്ക്ക് കീഴിൽ 198 ഇടവകകളും 75 കുരിശുപള്ളികളും 314 ചാപ്പലുകളുമുണ്ട്. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ ചെലവുള്ള വെടിക്കെട്ടാണ് തിരുനാളിന് ഇവിടങ്ങളിൽ നടത്താറുള്ളതെന്നും വർഷം 40-50 പള്ളികളിൽ വെടിക്കെട്ട് നടത്തുന്ന കടമ്പേരി വൈഗ ഫയർ വർക്‌സ് ഉടമ പി.വി. ശ്രീകുമാർ പറയുന്നു.