ക്രിസ്മസ് ട്രീകളിൽ ‘ഒറിജിനലും’ കേമന്മാർ

കണ്ണൂർ : കൃത്രിമ ക്രിസ്മസ് ട്രീകളുടെ വിൽപ്പന വിപണിയിൽ പൊടിപൊടിക്കുമ്പോൾ, ഒറിജിനൽ ക്രിസ്മസ് ട്രീകൾക്ക് ഇത്തവണയും ആവശ്യക്കാരുണ്ട്. നഴ്സറികളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിലുള്ള ക്രിസ്മസ് ട്രീകൾ ലഭ്യമാണ്. സ്വർണനിറം കലർന്ന ഇളം പച്ച നിറത്തിലുള്ള ഗോൾഡൻ സൈപ്രസ് ചെടികളോടാണ് പ്രിയം.
രണ്ടടി വലുപ്പത്തിലുള്ള ഗോൾഡൻ സൈപ്രസ് ചെടികൾ നഴ്സറികളിൽനിന്ന് ചെടിച്ചട്ടികളിൽ ലഭിക്കും. തൂജ, മോർപാഖി, അരക്കേറിയ, ഗോൾഡൻ യുണിബ്രഷ് ഇനത്തിൽപ്പെട്ട ചെടികളാണ് സാധാരണയായി ക്രിസ്മസ് ട്രീകളായി ഉപയോഗിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞാലും ഇവ വളർത്താമെന്നതും കൂടുതൽ ആളുകളെ ഒറിജിനിലിലേക്ക് ആകർഷിക്കുന്നു.
രണ്ട് അടിക്ക് മുകളിലുള്ള ഗോൾഡൻ സൈപ്രസ് ചെടികൾക്ക് 400 രൂപയാണ് വില. രണ്ട് അടി വലുപ്പത്തിലുള്ള തൂജ തൈകൾക്ക് 200 രൂപയും, രണ്ട് അടിക്ക് മുകളിലുള്ള ഗോൾഡൻ യുണിബ്രഷിന് 500 രൂപയുമാണ് വില. മാലബൾബുകളും ബോളുകളും നക്ഷത്രങ്ങളും മറ്റും തൂക്കി അലങ്കരിച്ച ‘ഒറിജിനൽ ക്രിസ്മസ് ട്രീകൾ’ വീടുകളിലെ വരാന്തകളിലോ പുൽക്കൂടിന് അടുത്തായിട്ടോ ആണ് ഇടംനേടാറുള്ളത്.
മറ്റ് ജില്ലകളിൽ കൃഷി വകുപ്പ് ഫാമുകൾ മുഖേന ക്രിസ്മസ് ട്രീകൾ വിതരണം ചെയ്യുന്ന പദ്ധതി ഇത്തവണയും നടപ്പാക്കുന്നുണ്ട്. എന്നാൽ ജില്ലാ പദ്ധതിയുടെ കീഴിൽ ഉൾപ്പെട്ടിട്ടില്ല.