മോട്ടർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സ്റ്റിക്കറുകൾ വ്യാപകം

കണ്ണൂർ : ഓട്ടോറിക്ഷകൾ പരിശോധിച്ച് മോട്ടർ വാഹന വകുപ്പ് നൽകുന്ന ‘ചെക്ക്ഡ്’ സ്റ്റിക്കറും ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്കുള്ള ‘ടി.പി’ സ്റ്റിക്കറും വ്യാജമായി നിർമിക്കുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് സ്റ്റിക്കർ പ്രിന്റിങ് സ്ഥാപനത്തിൽ നടക്കുന്ന നിയമലംഘനം കണ്ടെത്തി പൊലീസിനെ അറിയിച്ചത്. വ്യാജ സ്റ്റിക്കർ പതിച്ച ഓട്ടോറിക്ഷകൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
ആർക്കു വേണമെങ്കിലും ഏതു നമ്പറിൽ വേണമെങ്കിലും ഇത്തരം സ്ഥാപനങ്ങളിൽ നിന്നു സ്റ്റിക്കർ പ്രിന്റ് ചെയ്തു നൽകുമെന്നും തൊഴിലാളികൾ പറഞ്ഞു. റജിസ്റ്റർ ഓഫിസിനു സമീപത്തെ സ്ഥാപനത്തിന് എതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ടൗൺ സ്റ്റേഷനിൽ പരാതി നൽകി. സർക്കാർ മുദ്ര ഉൾപ്പെടെ പതിച്ച് മോട്ടർ വാഹന വകുപ്പിന്റെ പേരിൽ വ്യാജമായി സ്റ്റിക്കർ നിർമിച്ചു നൽകുന്നതു സംബന്ധിച്ച് മുൻപ് പരാതിപ്പെട്ടപ്പോൾ അധികൃതർ അവഗണിച്ചുവന്നു തൊഴിലാളികൾ കുറ്റപ്പെടുത്തി.
നിയമം ലംഘിച്ചവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൻ.ലക്ഷ്മണൻ (എസ്എടിയു), കുന്നത്ത് രാജീവൻ (ഐഎൻടിയുസി), കെ.അശ്രഫ് (എസ്ടിയു), പി.ജിതിൻ (ബിഎംഎസ്) എന്നിവർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.