തില്ലങ്കേരിയിൽ എള്ള്, മുത്താറി കൃഷിയിൽ നൂറുമേനി; വനിതാ കൂട്ടായ്മയുടെ വിജയം

തില്ലങ്കേരി : അന്താരാഷ്ട്ര ചെറു ധാന്യവർഷത്തിന്റെ ഭാഗമായി തില്ലങ്കേരിയിൽ നടത്തിയ എള്ള്, മുത്താറി കൃഷിയിൽ വിളവിൽ നൂറുമേനി. അഞ്ചംഗ വനിതാ കൂട്ടായ്മയാണ് അന്യം നിന്നുപോകുന്ന കൃഷിയെ പുനരുദ്ധരിച്ചത്. കാഞ്ഞിരാട് സമ്പത്ത് ജെ.എൽ.ജി. ഗ്രൂപ്പിലെ വനിതകളാണ് എള്ള്-മുത്താറി കൃഷിയിൽ വിജയഗാഥ രചിച്ചത്.
ചെറുധാന്യവർഷത്തിൽ തില്ലങ്കേരി പഞ്ചായത്ത് മുന്നോട്ടുവെച്ച നിർദേശം വനിതാകൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു. അഞ്ചേക്കറിൽ എള്ളും മൂന്നേക്കറിൽ മുത്താറിയുമാണ് കൃഷിചെയ്തത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 1450 തൊഴിൽദിനങ്ങൾ കൃഷിയുടെ അടിസ്ഥാന സൗകര്യമൊരുക്കാൻ ഉപയോഗപ്പെടുത്തി. ജില്ലാ കൃഷി വിജ്ഞാൻ കേന്ദ്രമാണ് വിത്ത് സൗജന്യമായി നൽകിയതും ഉപദേശനിർദേശങ്ങൾ നൽകിയതും.
യുവകർഷകൻ ഷിംജിത്തും നന്ദകുമാർ മച്ചൂർമലയും വനിതാകൂട്ടായ്മക്ക് സഹായമേകി കൂടെയുണ്ടായിരുന്നു. ഉത്സവാന്തരിക്ഷത്തിൽ കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം പി.സനീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.രാജൻ, പി.കെ.രതീഷ്, കൃഷിവിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. ജയരാജൻ, കൃഷി ഓഫീസർ എ.അപർണ, സി.ഡി.എസ്. അധ്യക്ഷ എം.ഷിംല, കെ.എം.ധന്യ, ടി.രമ്യ, പുഷ്പവല്ലി തുടങ്ങിയവർ സംസാരിച്ചു. മുത്താറിക്കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി നിർവഹിച്ചു.