രണ്ടാം ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി; ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം

Share our post

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് തയാറെടുക്കുന്നു. അടുത്ത മാസം യാത്ര തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാഹുൽ . യാത്രയുടെ ഭാഗമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി രാഹുലിന്റെ കൂടിക്കാഴ്ച്ച തുടങ്ങി.

ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിലേറ്റ പരാജയം പ്രവർത്തകരിൽ സൃഷ്‌ടിച്ച നിരാശ നീക്കുന്നതിനായി രാഹുൽ ഗാന്ധി യാത്ര നടത്തും. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയർത്തി കാട്ടിയാകും യാത്ര. തൊഴിലില്ലായ്മ പ്രധാന വിഷയമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പാർലമെന്റ് ആക്രമണത്തിലെ രാഹുലിന്റെ പ്രതികരണവും.

മോദിയുടെ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്‌മ രൂക്ഷമാക്കിയത്. പാർലമെന്റിൽ കണ്ടത് തൊഴിൽ രഹിതരുടെ അമര്ഷത്തിന്റെ പുക എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ തൊഴിലില്ലായ്മ ആയുധമാക്കണമെന്നു രാഹുൽ ഗാന്ധി കോൺഗ്രസ് എം.പിമാരെ അറിയിച്ചു കഴിഞ്ഞു. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് 14 സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് . ഇവയിലേറെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

ഇന്ത്യ മുന്നണിയിലെ പാർട്ടികളെ കൂടി സഹകരിപ്പിച്ചുള്ള യാത്രയ്ക്കാണ് കോൺഗ്രസ് തയാറെടുക്കുന്നത്. അരുണാചൽ പ്രദേശ് , മിസോറാം ,അസമിന്റെ കിഴക്കൻ പ്രദേശം എന്നിങ്ങനെ മൂന്നിടങ്ങളാണ് യാത്ര തുടങ്ങുന്നതിനായി ആലോചിക്കുന്നത്.

കാൽനടയായും വാഹനത്തിൽ സഞ്ചരിച്ചും മുന്നോട്ട് പോകുന്ന യാത്ര ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മാർഗം കൂടിയാകും. രണ്ടാം ഭാരത് ജോഡോ യാത്ര എന്ന പേരിനു തന്നെയാണ് മുൻ‌തൂക്കം. ജനകീയ പ്രശ്നങ്ങൾ ഉയർത്തുന്ന യാത്ര ആയതിനാൽ പുതിയ പേര് സ്വീകരിക്കണം എന്നും അഭിപ്രായമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!