മലനിരകളിലെ രക്ഷാദൗത്യത്തിന് ഇനി സ്ത്രീസേനയും

Share our post

തൃശ്ശൂർ: കിഴുക്കാംതൂക്കായ മലനിരകളിൽ കയറിൽത്തൂങ്ങിയും അള്ളിപ്പിടിച്ചുകയറിയുമുള്ള രക്ഷാദൗത്യത്തിന് ഇനി കേരളത്തിലെ സ്ത്രീസേനയും. പാലക്കാട് കൂർമ്പാച്ചി മലയിലെ രക്ഷാപ്രവർത്തനം നിമിത്തമായെടുത്ത് കേരള അഗ്നി രക്ഷാസേനയാണ് മലദുരന്ത രക്ഷാസേനയുണ്ടാക്കിയത്. ഇതിലേക്ക് ഇപ്പോൾ പരിശീലനം പൂർത്തിയാക്കി എത്തുകയാണ് 86 സ്ത്രീകളും. അഗ്നി രക്ഷാസേനയിലേക്ക് ആദ്യമായി എടുത്ത 86 വനിതാ ട്രെയിനികളാണ് പ്രത്യേക പരിശീലനം നേടിയത്. അവസാന ബാച്ച് ചൊവ്വാഴ്ച പരിശീലനം പൂർത്തിയാക്കുന്നതോടെ എല്ലാ സ്ത്രീകളും ഇതിൽ അംഗമാകും.

മാർച്ചിലാണ് പാസിങ്ങ് ഔട്ട്. രാജ്യത്താദ്യമായാണ് സ്ത്രീകൾ അംഗങ്ങളായ മലദുരന്ത രക്ഷാസേന. ഇവരെല്ലാം നേടിയ പരിശീലനം ലോകപ്രശസ്തമായ മലദുരന്ത രക്ഷാസേനയായ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്സിന്റേതാണെന്ന പ്രത്യേകതയുമുണ്ട്.

കൂർമ്പാച്ചി മലയിലെ രക്ഷാപ്രവർത്തനമാണ് കേരള അഗ്നി രക്ഷാസേനയെ മലദുരന്തങ്ങൾ നേരിടാനുള്ള പ്രത്യേക വിഭാഗം വേണമെന്ന ചിന്തയിലേക്ക് നയിച്ചത്. ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിൽനിന്ന് കേരള അഗ്നി രക്ഷാസേനയിലെ 30 പേർ പരിശീലനം നേടി.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ അഗ്നി രക്ഷാസേന ഇത്തരം പരിശീലനം നേടുന്നത്. പരിശീലനം നേടിയ 30 പേരാണ് തൃശ്ശൂരിലെ അഗ്നി രക്ഷാ അക്കാദമിയിൽ പരിശീലനത്തിലുള്ള 86 സ്ത്രീ സേനാംഗങ്ങൾക്കും മലദുരന്തപരിശീലനം നൽകുന്നത്. അഗ്നി രക്ഷാസേനയിലെ 132 പേർക്ക് ഇവർ ഇതിനകം പരിശീലനം നൽകി. 

ചെങ്കുത്തായ മലയ്ക്ക് സമാനമായ ഇടം അക്കാദമി അങ്കണത്തിൽ കൃത്രിമമായി നിർമിച്ചായിരുന്നു ആദ്യ പരിശീലനം. മഴയത്തും വെയിലത്തും രക്ഷാപ്രവർത്തനം വേണ്ടിവരുമെന്നതിനാൽ രണ്ടുതരം ഇടങ്ങളും കൃത്രിമമായി നിർമിച്ചിട്ടുണ്ട്. ഇവിടുത്തെ പരിശീലനത്തിനുശേഷം തൃശ്ശൂരിലേയും സമീപപ്രദേശങ്ങളിലേയും ചെങ്കുത്തായ മലകളിൽ നേരിട്ടെത്തി പരിശീലനം നൽകുന്നുണ്ട്.

ഒരു മലയിൽനിന്ന് മറ്റൊരു മലയിലേക്ക് കയറിൽത്തൂങ്ങിയുള്ള നീക്കം, മലമുകളിൽനിന്ന് കയറിൽത്തൂങ്ങിയുള്ള താഴേക്കിറക്കം, രക്ഷപ്പെടുത്തിയ ആളെ മുതുകിലോ മുൻപിലോ സുരക്ഷിതമായി ബന്ധിപ്പിച്ച് മലയിലേക്ക് കയറിൽ പിടിച്ചുള്ള കയറൽ തുടങ്ങിയവയാണ് പരിശീലനത്തിലെ കാതലായ ഭാഗം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!