അവധിക്കാലം തുടങ്ങിയിട്ടും ട്രെയിനില്ല; ദുരിതമൊഴിയാതെ യാത്രക്കാർ

ക്രിസ്‌മസും പുതുവർഷവും അടുത്തതോടെ ട്രെയിനുകളിൽ തിരക്കേറി. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നും സംസ്ഥാനത്തേക്കുള്ള ട്രെയിനുകളിലാണ് വൻ തിരക്ക്. രണ്ടുമാസം മുമ്പ് ശ്രമിച്ചിട്ടും റിസർവേഷൻ ലഭിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കർണാടകയിലെ പല കോളേജുകളും ക്രിസ്‌മസ് അവധിക്ക് ശനിയാഴ്‌ച അടച്ചു. മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിദ്യാർഥികൾ പ്രയാസത്തിലാണ്.
മംഗളൂരു–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്, പരശുറാം, മലബാർ, മാവേലി തുടങ്ങിയ ട്രെയിനുകളിൽ വൻതിരക്കാണ്. അവധിക്കാല തിരക്കും കൂടി വന്നതോടെ ജനറൽ കോച്ചുകളിൽ സൂചികുത്താൻ ഇടമില്ല. കാസർകോടുമുതൽ കോഴിക്കോടുവരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതല്ലാതെ കയറിപ്പറ്റാൻ കഴിയുന്നില്ലെന്നും യാത്രക്കാർ പറയുന്നു. രാത്രികാലങ്ങളിൽ മലബാർ മേഖലയിൽനിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് വരുന്ന മൂന്ന് ട്രെയിനുകളിലും യാത്രക്കാർ ശ്വാസം മുട്ടുകയാണ്.
നിലവിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ശബരി സ്‌പെഷ്യൽ ട്രെയിനുകൾ മാത്രമാണുള്ളത്. കൂടാതെ മാവേലി, അന്ത്യോദയ ട്രെയിനുകളിൽ പലപ്പോഴും കാലപ്പഴക്കമുള്ള കോച്ചുകളാണ്. 2019ൽ ആരംഭിച്ച അന്ത്യോദയ ട്രെയിനിന്റെ കോച്ചുകളും ദ്രവിച്ചു.