അഞ്ച് മേൽപ്പാലത്തിന് 51 കോടി: ലക്ഷ്യം ലെവൽക്രോസ് ഇല്ലാത്ത കേരളം

തിരുവനന്തപുരം : ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി കെ-റെയിൽ നിർമിക്കുന്ന അഞ്ച് റെയിൽവേ മേൽപ്പാലംകൂടി നിർമാണഘട്ടത്തിലേക്ക്. കണ്ണൂർ ജില്ലയിലെ മാക്കൂട്ടം (മാഹി–തലശേരി), കോഴിക്കോട് ജില്ലയിലെ വെള്ളയിൽ (കോഴിക്കോട്–കണ്ണൂർ), കോട്ടയം കോതനല്ലൂർ (കുറുപ്പംതറ–ഏറ്റുമാനൂർ), കൊല്ലം ജില്ലയിലെ ഇടക്കുളങ്ങര (കരുനാഗപ്പള്ളി–ശാസ്താംകോട്ട), കൊല്ലം പോളയത്തോട് (കൊല്ലം–മയ്യനാട്) എന്നീ ഗേറ്റുകൾക്ക് പകരം മേൽപ്പാലം നിർമിക്കാൻ ഏറ്റെടുപ്പിന് 51 കോടി രൂപ സർക്കാർ അനുവദിച്ചു.
ആറ് മേൽപ്പാലങ്ങളുടെ സ്ഥലം ഏറ്റെടുപ്പിന് നേരത്തെ 27 കോടി രൂപ അനുവദിച്ചതിനു പുറമേയാണിത്. ഇതോടെ 11 റെയിൽവേ മേൽപ്പാലങ്ങളുടെ സ്ഥലം ഏറ്റെടുപ്പിന് 78 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. സ്ഥലം ഏറ്റെടുപ്പ് ഉടൻ ആരംഭിക്കും. പിന്നാലെ 16 മേൽപ്പാലങ്ങളുടെ സ്ഥലം ഏറ്റെടുപ്പിനുകൂടി സർക്കാർ പണം അനുവദിക്കും. സംസ്ഥാന സർക്കാരും റെയിൽവേ ബോർഡുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 27 മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെ–റെയിൽ) ഏറ്റെടുത്തത്. നിർമാണച്ചെലവ് റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കും.
കിഫ്ബി ഫണ്ടിൽ 250 കോടിയോളം ചെലവിട്ട് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. ഗുരുവായൂർ, ഫറോക്ക്, കാഞ്ഞങ്ങാട് മേൽപ്പാലങ്ങൾ നേരത്തെ പൂർത്തിയായി. ലെവൽക്രോസ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് കിഫ്ബി ഫണ്ടിൽ 72 റെയിൽവേ മേൽപ്പാലങ്ങളാണ് ആകെ നിർമിക്കുന്നത്. 21 ഇടത്തെ സ്ഥലമേറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്.