മദ്യപാനം ആഴ്ചയിലൊരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. പലരും സമ്മർദം നിറഞ്ഞ ജോലിത്തിരക്കുകൾക്ക് ഇടവേള നൽകി ആഴ്‌ചാവസാനം സുഹൃത്തുക്കൾക്കൊപ്പം മദ്യവുമായി ആഘോഷിക്കുന്നവരാണ്. എന്നാൽ ഈ കഴിക്കുന്ന മദ്യത്തിൻ്റെ അളവ് കൂടുതലാണെങ്കിൽ കരളിൻ്റെ ആരോഗ്യം ആപത്താകുമെന്നാണ് പഠനത്തിൽ പറയുന്നത്.
ആഴ്ചയിൽ ഇടയ്ക്കിടെ മദ്യം കുടിക്കുന്നതിനേക്കാൾ കരളിന് ആപത്താണ് ആഴ്ച്ചയിലൊരിക്കൽ അമിതമായി മദ്യപിക്കുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ആൽക്കഹോൾ മൂലമുള്ള ലിവർ സിറോസിസ് ബാധിക്കുന്നതിൽ ഒറ്റത്തവണ കൂടുതലായി കഴിക്കുന്ന മദ്യത്തിന്റെ അളവിനും വലിയ പ്രാധാന്യമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
യു.കെ.യിൽ നിന്നുള്ള മദ്യപാനശീലമുള്ള 312,599 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. മദ്യത്തിൻ്റെ അളവിനനുസരിച്ച് കരൾരോഗം വരാനുള്ള സാധ്യതയേക്കുറിച്ചാണ് പഠനത്തിൽ പരാമർശിച്ചതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ലിൻഡാ ഫാറ്റ് പറഞ്ഞു. ഒരൊറ്റ ദിവസംകൊണ്ട് അമിതമായി മദ്യപിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ലിവർ സിറോസിസ് വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്ന് ലിൻഡ വ്യക്തമാക്കി.
ആളുകൾ മദ്യം കഴിക്കുന്ന അളവിൽ കരുതൽ വേണമെന്നതാണ് പഠനം വ്യക്തമാക്കുന്നതെന്നും അമിതമായി മദ്യം കഴിക്കുന്നത് ഗുരുതരമായ അനന്തര ഫലങ്ങൾക്ക് ഇടയാക്കുമെന്നും ബ്രിട്ടീഷ് ലിവർ ട്രസ്റ്റിൻ്റെ ചീഫ് എക്സിക്യൂട്ടീവായ പമേല ഹീലി പറഞ്ഞു. കുറഞ്ഞ സമയത്തിൽ കൂടുതൽ മദ്യപിക്കുന്നതും ബോധം നഷ്‌ടമാകും വരെ മദ്യപിക്കുന്നതുമൊക്കെ കരളിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണെന്നും അവർ പറഞ്ഞു.
അടുത്തിടെയാണ് ലോകാരോഗ്യ സംഘടനയും മദ്യപാനം സംബന്ധിച്ച സമാനമായ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. യൂറോപ്പിൽ അമിത മദ്യപാനം മൂലം 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നും സംഘടന പറയുകയുണ്ടായി.
കുറഞ്ഞതും മിതമായ രീതിയിലുമുള്ള മദ്യത്തിൻ്റെ ഉപയോഗം പോലും യൂറോപ്യൻ മേഖലയിൽ കാൻസർ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ആഴ്ച്ചയിൽ 1.5ലിറ്റർ വൈനിൽ കുറവോ, 3.5 ലിറ്റർ ബിയറിൽ കുറവോ കഴിക്കുന്നതു പോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞത്.
കുടലിലെ കാൻസർ, സ്‌തനാർബുദം തുടങ്ങിയ ഏഴോളം കാൻസറുകൾക്ക് മദ്യപാനം കാരണമാകുന്നുവെന്നും എഥനോൾ ശരീരത്തിലെത്തുന്നതു വഴി പല പ്രവർത്തനങ്ങളും തകരാറിലാവുകയും അതുവഴി കാൻസറിന് കാരണമാവുകയും ചെയ്യുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു . ആൽക്കഹോൾ അടങ്ങിയ ഏത് പാനീയവും കാൻസർ സാധ്യത വർധിപ്പിക്കുന്നതാണെന്നും മദ്യത്തിൻ്റെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല എന്ന് തെളിയിക്കാൻ മതിയായ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്നും ലോകാരോഗ്യസംഘടന പറയുകയുണ്ടായി.
മദ്യപാനത്തിന്റെ സുരക്ഷിതമായ ഉപയോഗം എന്നൊന്നിനെക്കുറിച്ച് പറയാനാവില്ല. എത്ര കുടിക്കുന്നു എന്നതിലല്ല, ആൽക്കഹോൾ അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതിൽ തുടങ്ങി മദ്യപാനിയുടെ ആരോഗ്യം പ്രശ്‌നമായി തുടങ്ങുന്നു. എത്ര അധികം മദ്യപിക്കുന്നോ അത്രത്തോളം അപകടകരമാണ്, എത്ര കുറച്ച് മദ്യപിക്കുന്നോ അത്ര സുരക്ഷിതവുമാണ് എന്നു മാത്രമേ ഉറപ്പിച്ച് പറയാനാവൂ- എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.