എളുപ്പം കിട്ടും, വില കുറയും; മണൽവാരൽ വീണ്ടും തുടങ്ങാൻ നിയമം വരുന്നു

Share our post

തിരുവനന്തപുരം: നിർമാണ മേഖലയുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ച് നദികളിൽ നിന്ന് മണൽവാരൽ വീണ്ടും തുടങ്ങാനായി റവന്യു വകുപ്പ് നിയമത്തിൽ മാറ്റം വരുത്തും. കരട് ബിൽ തയ്യാറാക്കാൻ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് രൂപംനൽകി. നിയമത്തിൽ മാറ്റം വന്നാൽ ആറ്റുമണൽ ലഭ്യത എളുപ്പമാവും. അമിതവില നൽകേണ്ടി വരുന്നത് ഒഴിവാക്കാനുമാകും.

ഹൈക്കോടതി വിധിയെത്തുടർന്ന് കേരളത്തിലെ നദികളിൽ നിന്ന് മണൽ വാരുന്നത് നിരോധിച്ചിരിക്കയാണ്. മണൽവാരൽ അനുവദിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ഉയരുമെന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ആശ്വാസവുമാകും. ഇതെല്ലാം മുന്നിൽക്കണ്ടാണ് നിയമഭേദഗതി അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിൻ്റെ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് 2001-ലെ നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.

കേന്ദ്രത്തിന്റെ പുതിയ നിർദേശപ്രകാരം ജില്ലാതല സർവേറി പ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ മണൽ വാരലിന് അനുമതി നൽകാനാകു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ നദിക്കും വെവ്വേറേ പാരിസ്ഥിതികാനുമതിയും തേടണം. തുടർന്ന് മണൽ ഖനന പദ്ധതി തയ്യാറായാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കടവുകൾ ലേലം ചെയ്‌ത്‌ നൽകാനാകും.

32 നദികളിലെ മണൽ ശേഖരത്തിൻ്റെ വിലയിരുത്തലാണ് (സാൻഡ് ഓഡിറ്റിങ്) പൂർത്തിയായത്. ഇതിൽ 17-ൽ മണൽ നിക്ഷേപം കണ്ടെത്തി. പാരിസ്ഥിതിക അനുമതിയോടെ ഇവിടെ നിയന്ത്രിത അളവിൽ മണൽ വാരാമെന്നാണ് ശുപാർശ. 14 നദികളിൽ മൂന്നുവർഷത്തേക്ക് മണൽവാരൽ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഈ പട്ടിക അന്തിമമാക്കിയിട്ടില്ല.

ജി.പി.എസിലൂടെ നദികളുടെ മാപ്പിങ് നടത്തുന്നതാണ് മണൽശേഖര വിലയിരുത്തലിൻ്റെ ആദ്യപടി. നദീതടത്തിൽ അടിഞ്ഞ മണൽ, എക്കൽ എന്നിവയുടെ തോത് ഉപഗ്രഹ സർവേയിലൂടെ നിർണയിക്കുകയാണ് അടുത്തപടി. ഫെബ്രുവരി-മേയ് മാസങ്ങളിൽ നേരിട്ടുള്ള പരിശോധനയും നടത്തും.

മണൽവാരലിന് വഴിയൊരുങ്ങുന്ന നദികൾ (പട്ടിക അന്തിമമാക്കിയിട്ടില്ല)

അച്ചൻകോവിൽ, പമ്പ, മണിമല, പെരിയാർ, മൂവാറ്റുപുഴ, ഭാരതപ്പുഴ (സ്ട്രെച്ച് ഒന്നുമുതൽ മൂന്നുവരെ), കടലുണ്ടി, ചാലിയാർ, പെരുമ്പ, വളപട്ടണം, ശ്രീകണ്ഠാപുരം, മാഹി, ഉപ്പള, മൊഗ്രാൽ, ഷിറിയ, ചന്ദ്രഗിരി (പാർട്ട് 2)

മണൽവാരൽ മൂന്നുവർഷത്തേക്ക് നിരോധിക്കേണ്ടത് (പട്ടിക അന്തിമമാക്കിയിട്ടില്ല)

നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, മീനച്ചിൽ, കരുവന്നൂർ, ചാലക്കുടി, കീച്ചേരി, ഗായത്രിപ്പുഴ, കബനി, കുറ്റ്യാടി, വള്ളിത്തോട്. ചന്ദ്രഗിരി (പാർട്ട് 1).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!