നിയമപരമായ മാറ്റം: ഒടുവിൽ അരിഷ്ടത്തെ ‘മദ്യ’മുക്തമാക്കുന്നു

Share our post

തിരുവനന്തപുരം: മദ്യത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പിടിവീഴാറുള്ള അരിഷ്‌ടവും ആസവവും ഒടുവിൽ നിയമപരമായി മദ്യമുക്തമാക്കുന്നു. ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ ആൽക്കഹോൾ അടങ്ങിയ വസ്തു‌ക്കളുടെ നിർമാണ നിയന്ത്രണച്ചട്ടം ഭേദഗതി ചെയ്യാനാണ് തീരുമാനം.

‘വിപ്ലവാരിഷ്ട‌’ങ്ങൾ ലഹരിക്ക് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെ ഉത്പാദനത്തിലും വിതരണത്തിലും എക്സൈസ് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം. മെഡിസിൻ ആൻഡ് ടോയ്‌ലറ്റ് പ്രിപ്പറേഷൻ ആക്‌ട് അനുസരിച്ചായിരുന്നു ആയുർവേദ അരിഷ്ടങ്ങൾക്കും ആസവങ്ങൾക്കും നികുതി ബാധകമാകുന്ന വിധത്തിൽ ലൈസൻസ് കൊണ്ടുവന്നത്. ജി.എസ്.ടി. വന്നതോടെ ഈ വ്യവസ്ഥ ഇല്ലാതായി. 

എന്നാൽ, എക്സൈസ് അനുമതി വേണമെന്ന കേരളത്തിൽ മാത്രമുള്ള വ്യവസ്ഥ നിലനിന്നു. ഇതോടെ, എക്സൈസ് ലൈസൻസില്ലാതെ അരിഷ്ടം വിൽപ്പന നടത്തിയാൽ 25,000 രൂപവരെ പിഴ നൽകേണ്ടിവരും. വാഹനത്തിൽ കൊണ്ടുപോയാൽ ലഹരി പാനീയം കടത്തിയതിന് കേസും വരും. ഇതോടെ, അരിഷ്ടത്തിന്റെറെയും ആസവത്തിൻ്റെയും ഉത്പാദനവും വിതരണവും വിൽപ്പനയും കുറഞ്ഞു.

ഔഷധമായി കണക്കാക്കി എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കാണിച്ച് ഉത്പാദകരും അവരുടെ സംഘടനകളും നിരന്തരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടുണ്ടായിരുന്നു. അരിഷ്ടത്തിലും ആസവത്തിലും ആൽക്കഹോൾ നേരിട്ട് ചേർക്കുന്നില്ല. മരുന്നുകളുടെ നിർമാണത്തിനിടയിൽ സ്വാഭാവികമായി രൂപപ്പെടുന്ന ആൽക്കഹോളാണ് ഉണ്ടാകുന്നത്. ഇതിനെ മദ്യത്തിന് തുല്യമായി കണക്കാക്കാനാകില്ലെന്ന് ആയുർവേദ ഡോക്‌ടർമാരും മരുന്ന് നിർമാതാക്കളും ചൂണ്ടിക്കാട്ടുന്നു.

ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക‌് നിയമം അനുസരിച്ച് ആയുർവേദ മരുന്ന് നിർമാണത്തിന് ലൈസൻസ് വേണം. ഗുഡ്‌സ് മാനുഫാക്‌ചറിങ് പ്രാക്ടീസസ് അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം. ഇതിനുപുറമേ, ആയുർവേദ ഫാർമസ്യൂട്ടിക്കൽസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ.) മാനദണ്ഡവും ബാധകമാണ്. 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശം പാടില്ലെന്നാണ് നിർദേശം. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന അരിഷ്‌ടങ്ങളിലും ആസവങ്ങളിലും 10 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശം ഇല്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!