പേരാവൂർ ക്ഷീരസംഘം തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവെച്ചു

പേരാവൂർ: ഈ മാസം 30-ന് നടക്കേണ്ടിയിരുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കോടതി ഉത്തരവിട്ടത്.
സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്ഷീരവികസന വകുപ്പ് പിരിച്ചുവിട്ട ക്ഷീര സംഘം ഭരണസമിതിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡൻറ് കെ. ശശീന്ദ്രനാണ് കഴിഞ്ഞ മാസം കോടതിയെ സമീപിച്ചത്. കേസിൽ തീർപ്പുണ്ടാകുന്നതിനിടെ സംഘത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിന് ക്ഷീരവികസന വകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ഡിസംബർ 30-ന് തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനമിറക്കുകയും ചെയ്തു.
കേസിൽ തീർപ്പുണ്ടാകും വരെ തിരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്ന കെ. ശശീന്ദ്രൻ്റെ ഹർജി പരിഗണിച്ചാണ് ഒരു മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചത്.
സംഘം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻ്റെയും യു.ഡി.എഫിൻ്റെയും സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിക്കുകയും സൂക്ഷ്മപരിശോധന പൂർത്തിയാക്കുകയും ചെയ്തിരുന്നു. പത്രിക പിൻവലിക്കേണ്ട ദിവസമായ ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടപടികൾ നിർത്തി വെക്കാനുള്ള ഉത്തരവെത്തിയത്.
സി.പി.എം ഭരിക്കുന്ന ക്ഷീര സംഘത്തിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി ഓഡിറ്റ് പോലും നടത്താതെ ലക്ഷങ്ങളുടെ ക്രമക്കേടുകൾ നടന്നതിനെത്തുടർന്നാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്.