കോളയാടിലെയും കേളകത്തെയും പാറമടകളുടെ അനധികൃത പ്രവർത്തനം ഹൈക്കോടതി തടഞ്ഞു

Share our post

കോളയാട്: നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ മൂന്ന് പാറമടകളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞു. ആലച്ചേരി കൊളത്തായിക്കുന്നിലെ മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, മലബാർ റോക്‌സ്,കേളകത്ത് പ്രവർത്തിക്കുന്ന കൊട്ടിയൂർ മെറ്റൽസ് എന്നിവയുടെ പ്രവർത്തനമാണ് ഹൈക്കോടതി തടഞ്ഞത്.

എം.എം.തോമസിന്റെ ഉടമസ്ഥതയിലുള്ള ആലച്ചേരിയിലെ ക്വാറികൾക്ക് നിലവിൽ ക്വാറി ലൈസൻസോ മറ്റു പ്രവർത്തനാനുമതികളോ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. തോമസിന്റെ തന്നെ പേരിലുള്ള കൊട്ടിയൂർ മെറ്റൽസിന്റെ എക്‌സ്‌പ്ലോസീവ് ലൈസൻസ് ഉപയോഗിച്ചാണ് മൂന്ന് പാറമടകളും പ്രവർത്തിച്ചിരുന്നതെന്നും കോടതി കണ്ടെത്തി. 2020-ൽ കൊട്ടിയൂർ മെറ്റൽസിന്റെ ലൈസൻസിന്റെ കാലാവധിയും കഴിഞ്ഞിരുന്നു.

തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അനധികൃത പാറമടകളുടെ പ്രവർത്തനം തടയാനാവശ്യപ്പെട്ട് കൊളത്തായിയിലെ 36-ഓളം കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.ആലച്ചേരിയിലെയും കേളകത്തെയും പാറമടകൾ ലൈസൻസ് ലഭിക്കാതെ പ്രവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് ജില്ലാ ജിയോളജി വിഭാഗത്തോടും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.പരാതിക്കാർക്ക് വേണ്ടി കൂത്തുപറമ്പിലെ അഭിഭാഷകൻ കെ.വി.പവിത്രൻ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!