കുന്നത്തൂർ പാടിക്ക് ഇനി ഉത്സവദിനങ്ങൾ;തിരുവപ്പന മഹോത്സവം 18ന് തുടങ്ങും

കണ്ണൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം 18ന് ആരംഭിക്കുമെന്ന് ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കൾ രാവിലെ മുതൽ താഴെപൊടിക്കളത്തെ മടപ്പുരയിൽ ഗണപതിഹോമം, വാസ്തുബലി, ഭഗവതിസേവ, നവകം, ദീപാരാധന ചടങ്ങുകൾ നടക്കും. പൈങ്കുറ്റിക്കു ശേഷം ചൂട്ടു പിടിച്ച് കളിക്കപ്പാട്ടോടുകൂടി പാടിയിൽച്ചടങ്ങ്.
രാത്രി പുതിയ മുത്തപ്പൻ, പുറംകാലമുത്തപ്പൻ, നാടുവാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റു ദിവസങ്ങളിൽ വൈകിട്ട് ഊട്ടുംവെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതി തെയ്യവും. ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ദിവസും ഉച്ചയ്ക്കും രാത്രിയും താഴെപൊടിക്കളത്ത് അന്നദാനമുണ്ടാകും.
കാട്ടിലെ മലമുകളിൽ നടക്കുന്ന ഉത്സവമാണ് കുന്നത്തൂർ പാടിയിലേത്. പുല്ലും ഈറ്റയും ഓലയും ഉപയോഗിച്ച് പാടിയിൽ താൽക്കാലിക മടപ്പുര നിർമിച്ചു. അടിയന്തിരക്കാർ, ചന്തൻ, കരക്കാട്ടിടം വാണവർ എന്നിവർക്കുള്ള സ്ഥാനികപ്പന്തലുകളും ഒരുങ്ങി. വാർത്താസമ്മേളനത്തിൽ പി. കെ മധുവും പങ്കെടുത്തു.