വയോധികയെ മർദിച്ച സംഭവത്തിൽ അധ്യാപികയായ മരുമകൾ അറസ്റ്റിൽ

Share our post

കൊല്ലം : തേവലക്കരയിൽ വയോധികയെ മർദിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

കൊല്ലം തേവലക്കര നടുവിലക്കരയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. വയോധികയെ യുവതി വീട്ടിനകത്ത് വച്ച് മര്‍ദിക്കുന്നതും രൂക്ഷമായി വഴക്കുപറയുന്നതും വീഡിയോയിലുണ്ട്. യുവതിയെയും വയോധികയയെും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളും ദൃശ്യങ്ങളില്‍ ഉണ്ട്. 

വയോധികയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നത് കേള്‍ക്കാം. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. തുടര്‍ന്ന് കട്ടിലില്‍ ഇരിക്കുകയായിരുന്ന വയോധികയെ യുവതി ശക്തിയായി പിടിച്ച് തറയിലേക്ക് വലിച്ചിടുന്നു. നിലത്തുവീണ ഉടനെ ഇവര്‍ സഹായം ആവശ്യപ്പെടുന്നതും കേള്‍ക്കാം. 

കുടുംബ വഴക്കിനെ തുടർന്നാണ് മഞ്ചുമോൾ ഭർത്താവിന്റെ അമ്മയെ ക്രൂരമായി മർദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഒരു വർഷം മുൻപ് ഉള്ളതാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഏലിയാമ്മയെ മഞ്ചുമോൾ വീണ്ടും മർദിക്കുകയായിരുന്നു. ഇതിൽ കൈക്കും കാലിനും പരിക്കേറ്റു. മർദനം തുടർന്നതോടെയാണ് ഏലിയാമ്മ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയത്.

നാട്ടുകാരിൽ ഒരാൾ വീട്ടിൽ നടന്ന മർദന ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ഇതോടെയാണ് പൊലീസിനു കാര്യങ്ങളുടെ ഗൗരവം മനസിലായത്. പ്രൈവറ്റ് സ്കൂളിലെ അധ്യാപിക ആയ മഞ്ജുമോളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഏലിയാമ്മയുടെ മകനെയും പൊലീസ് ചോദ്യം ചെയ്യും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!