ആശ്വാസം ഉടനില്ല, രണ്ട് കോച്ച് കൂട്ടാൻ രണ്ടുമാസം കാക്കണം; മലബാർ യാത്ര കഠിനം

Share our post

കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രികരുടെ ദുരിതയാത്രയ്ക്ക് നേരിയ തോതിലെങ്കിലും പരിഹാരമുണ്ടാകാൻ തമിഴ്നാട്ടിലെ നാഗർ കോവിൽ റെയിൽവേ സ്‌റ്റേഷനിലെ വികസന പ്രവൃത്തി പൂർത്തിയാകും വരെ കാക്കണം. ഫെബ്രുവരിയോടെ പ്രവൃത്തി പൂർത്തിയായാൽ ഇവിടെ നിർത്തിയിടുന്ന പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകളിൽ രണ്ട് കോച്ചുകൾ കൂട്ടുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. നാഗർകോവിലിൽ പ്ലാറ്റ്‌ഫോം നീളം ഇല്ലാത്തതാണ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം കുറയ്ക്കാനിടയാക്കിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.

തിരുച്ചെന്തൂർ-തിരുനെൽവേലി നാഗർകോവിൽ പാതയിരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായാണ് രണ്ടു പുതിയ പ്ളാറ്റ് ഫോമുകൾ കൂടി നാഗർകോവിൽ സ്‌റ്റേഷനിൽ പൂർത്തിയാകുന്നത്. 22 ബോഗികളുമായി സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസിന് നാഗർ കോവിലിൽ പ്ലാറ്റ്‌ഫോം സൗകര്യം ഇല്ലാത്തതാണ് കൂടുതൽ കോച്ചുകൾ അനുവദിക്കാത്തതിന് കാരണമെന്നാണ് മലബാർ മേഖലയിലെ യാത്രാ ദുരിതവുമായി ബന്ധപ്പെട്ട് പരാതികളും നിവേദനങ്ങളും സമർപ്പിച്ച നിരവധി സംഘടനകളോട് റെയിൽവേ അധികൃതർ നൽകിയ മറുപടി. പരാതി മനുഷ്യാവകാശ കമ്മിഷൻ വരെ എത്തിയിട്ടും പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള നടപടി തുടങ്ങിയിരുന്നില്ല. കോച്ചുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ പരശുറാമിന്റെ തിരക്കിന് മാത്രമേ അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ.

ക്രിസ്തുമസ് അവധിയാണ്, ദുരിതം കൂടും

ഇതിനിടെ ക്രിസ്തുമസ് അവധി തൊട്ടുമുന്നിലെത്തിനിൽക്കെ ഇപ്പോഴുള്ള യാത്രാ ദുരിതം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. കുട്ടികളും സ്ത്രീകളുമടക്കമുള്ള മലബാറിലെ ട്രെയിൻ യാത്രികർ തിക്കിലും തിരക്കിലും പെട്ട് തളർന്ന് വീഴുന്ന അവസ്ഥ പതിവാണ്. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ മാത്രം റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് സാധാരണക്കാരുടെ യാത്ര കഠിനമായി തുടരുന്നത്.

അവഗണനയെന്നാൽ ഇതാണ്

പഠനം, ചികിത്സ എന്നീ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരെ പൂർണമായി റെയിൽവേ അവഗണിക്കപ്പെടുന്ന സ്ഥിതിയാണ് മലബാറിൽ. കോഴിക്കോട് മംഗളൂരു ലൈനിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതുപോലുമില്ല. ഒന്നോ രണ്ടാ കോച്ചുകൾ കൂട്ടിയാൽ മാത്രം യാത്ര ദുരിതത്തിന് പരിഹാരമാകില്ല. 78 പേർക്ക് ഇരിക്കാവുന്ന ജനറൽ കോച്ചിൽ 180 ലേറെ പേർ നിന്ന് തിരിയാനിടമില്ലാതെ കയറേണ്ടി വരുന്ന കാഴ്ചയാണ് ട്രെയിനുകളിൽ.

സ്ലീപ്പർ കോച്ചുകളും എസി കോച്ചുകളും വർദ്ധിപ്പിച്ച് സാധാരണക്കാരന്റെ യാത്രയെ ദുഃസഹമാക്കുകയാണ് റെയിൽവേ ട്.അശാസ്ത്രീയമായ സമയക്രമവും വന്ദേഭാരതിന് വേണ്ടിയുള്ള പിടിച്ചിടലും എല്ലാം ദൈനംദിന യാത്ര ക്ലേശകരമാക്കുന്നു. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിന് മുമ്പോ ശേഷമോ ഒരു ദിന എക്സ്പ്രസ് സർവീസ് നടത്തുന്നതും നിലവിലെ സ്ഥിതി മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് യാത്രക്കാർ പറയുന്നു.

മംഗളൂരുവിലേക്കുള്ള യാത്രയുടെ കാര്യം ഇതിലും കഠിനമായതിനാൽ കണ്ണൂരിൽ നിർത്തിയിടുന്ന ആറോളം ട്രെയിനുകളിൽ ചിലതെങ്കിലും വടക്കോട്ട് നീട്ടണമെന്ന വിലാപവും റെയിൽവേയുടെ കാതിൽ എത്തുന്നില്ല.രാത്രികാല ബസ് സർവീസുകൾ പരിമിതമായ കണ്ണൂർ -കാസർകോട് റൂട്ടിൽ ദേശീയപാത വികസനപ്രവൃത്തി കൂടി നടക്കുന്നതിനാൽ കടുത്ത യാത്രാ പ്രതിസന്ധിയാണ് നേരിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!