ഓൺലൈൻ തട്ടിപ്പ്: തലശ്ശേരിക്കാരന്‍റെ അക്കൗണ്ടിൽ നിന്ന് പോയത് 25,000 രൂപ

Share our post

തലശ്ശേരി: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരാറുണ്ട്. ആരെങ്കിലും ഒ.ടി.പി ചോദിച്ച് വിളിച്ചാല്‍ പറഞ്ഞു കൊടുക്കുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ കാരണം പലരും അറിയാതെ തട്ടിപ്പുകളില്‍ വീഴുന്ന സ്ഥിതിയുണ്ട്.

ഏറ്റവും ഒടുവില്‍ തലശ്ശേരിയിൽ നിന്ന് വന്നത് അത്തരമൊരു തട്ടിപ്പിന്‍റെ വാര്‍ത്തയാണ്. തലശ്ശേരിയിൽ ഓൺലൈൻ തട്ടിപ്പ് നടന്നത് എസ്ബിഐ യോനോ ആപ്പിന്റെ പേരിലാണ്. തലശ്ശേരി സ്വദേശിയായ 79കാരന് നഷ്ടമായത് ഇരുപത്തിഅയ്യായിരം രൂപയാണ്. യോനോ ആപ്പ് ബ്ലോക്ക് ആയതുകൊണ്ട് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് ടെക്സ്റ്റ് മെസ്സേജ് എത്തി.

ഇതിനായി നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ വന്നത് എസ്ബിഐയുടേതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന സൈറ്റ്. ലോഗിൻ ചെയ്യുമ്പോൾ വന്ന ഒ.ടി.പി നൽകിയതോടെയാണ്‌ പണം നഷ്ടമായതെന്ന് 79കാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാങ്കുകള്‍ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ലെന്ന് എപ്പോഴും ബാങ്കുകള്‍ ഉപഭോക്താക്കളെ ഓര്‍മിപ്പിക്കാറുണ്ട്.

ഒടിപി ആവശ്യപ്പെട്ട് വിളിക്കുന്ന കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നിട്ടും പലരും കെവൈസി അപ്ഡേഷന്‍, എടിഎം കാര്‍ഡ് ബ്ലോക്കായി എന്നൊക്കെ പറഞ്ഞ് കോളുകള്‍ വരുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഒടിപി നല്‍കുന്നു. ഇത്തരത്തില്‍ പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!