645 ചതുരശ്ര അടിവരെയുള്ള വീടുകള്‍ക്ക് നികുതിയില്ല

സംസ്ഥാനത്ത് 645 ചതുരശ്ര അടിവരെയുള്ള (60 ചതുരശ്ര മീറ്റര്‍) വരെയുള്ള കെട്ടിടങ്ങളെ കെട്ടിട നികുതി നികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി മന്ത്രിസഭാ യോഗം സാധൂകരിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ 645 ചതുരശ്ര അടിവരെയുള്ള വീടുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ചില തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കാത്തതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ മറികടക്കാനാണ് ഇത് മന്ത്രിസഭയില്‍ കൊണ്ടുവന്ന് അംഗീകാരം നേടിയത്.
കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതിന് പ്രാബല്യം ലഭിക്കും. ഇതിനു മുൻപ് ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരുടെ 30 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കായിരുന്നു നികുതി സൗജന്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കെട്ടിടനികുതി കുത്തനെ ഉയര്‍ത്തിയപ്പോള്‍, വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്‍റെ ഭാഗമായാണ് 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെ വസ്തു നികുതിയില്‍നിന്ന് ഒഴിവാക്കിയ നടപടിയാണ് സാധൂകരിച്ചത്.
ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെയാണ് വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയത്. ഒരാള്‍ക്ക് ഒരു വീടിന് മാത്രമാണ് കെട്ടിടനികുതി ഇളവു ലഭിക്കുക. ലൈഫ്, പുനര്‍ഗഹേം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കടക്കം ഇതിന്‍റെ ഇളവ് ലഭിക്കും. ലൈഫ് പദ്ധതിയില്‍ 650 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളാണ് നിര്‍മിക്കുന്നത്.