ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കും; തിരക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം

Share our post

കൊച്ചി : ശബരിമലയിൽ ദിവസവും ശരാശരി 90,000 പേർ ദർശനത്തിനെത്തുന്നതാണ് ഇത്തവണ തിരക്ക്‌ ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത്രയധികം പേർ എത്തിയിരുന്നില്ല. സ്ത്രീകളും കുട്ടികളും പ്രായമായവരും കൂടുതൽ എത്തുന്നതിനാൽ മിനിറ്റിൽ 60 –65 പേരെ മാത്രമേ പതിനെട്ടാംപടി കടത്തിവിടാനാകുന്നുള്ളൂ. മിനിറ്റിൽ 80 പേരെ വരെ കടത്തിവിടുകയാണ് ലക്ഷ്യം. ഫ്ലൈ ഓവറിൽ പരമാവധി 1440 പേർക്കേ നിൽക്കാനാകൂ.

പമ്പയിലും നിലക്കലിലുമുള്ള സ്പോട്ട് ബുക്കിങ്ങുകളിലും എണ്ണം കൂടി. കേരളത്തിലുള്ളവരാണ് ദർശനത്തിന്‌ സ്പോട്ട് ബുക്കിങ് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ളവർ വെർച്വൽ ക്യൂ ബുക്കിങ്ങിനെയാണ്‌ ആശ്രയിക്കുന്നത്‌. അപ്പാച്ചിമേട്, ശരംകുത്തി, ശബരിപീഠം തുടങ്ങിയ സ്ഥലങ്ങളിൽ തിരക്ക്‌ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും എ.ഡി.ജി.പി വിശദീകരിച്ചു. റിപ്പോർട്ട് കോടതി ബുധനാഴ്ച പരിഗണിക്കും.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലക്കലിൽനിന്ന് ആളുകളെ കയറ്റാതെ ബസുകൾ പമ്പയിലെത്തി അവിടെനിന്ന് ഭക്തരുമായി തിരികെ നിലക്കലിലേക്ക് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസം നിലക്കലിൽനിന്ന് ഒഴിഞ്ഞ ബസുകളാണ് പമ്പയിലേക്ക് സർവീസ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി. നിലക്കലിൽ മതിയായ ബസ് സൗകര്യമില്ലെന്ന വാർത്തയ്‌ക്ക്‌ അടിസ്ഥാനമായത് ഇതാണ്. പമ്പ–നിലക്കൽ ചെയിൻ സർവീസിന് 40 എ.സി ബസുകളടക്കം 188 ബസുകളുണ്ടെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ നൽകുന്നില്ലെന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കും

തീർഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓൺലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധയോടെയാണ് പൊലീസ് തിരക്ക് കൈകാര്യം ചെയ്യുന്നത്. 

വെർച്ച്വൽ ക്യു വഴിയുള്ള സന്ദർശനം 80,000 ആയി ചുരുക്കിയത് തിരക്ക് ക്രമീകരണം സുഗമമാക്കും. സ്പോട്ട് ബുക്കിങ് വഴി ഏകദേശം ഇരുപതിനായിരം പേരും പുല്ലുമേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം തീർഥാടകരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേരെയാണ് കയറ്റാൻ സാധിക്കുക. സന്ദർശകരെ ബുദ്ധിമുട്ടിക്കാതെ സ്പോട്ട് ബുക്കിങ് പരിമിതിപ്പെടുത്തി ക്രമീകരണം ഏർപ്പെടുത്തും. 

നടപ്പന്തലിലും ക്യൂ കോപ്ലക്‌സിലും കുടിവെള്ളവും ബിസ്‌ക്കറ്റും പ്രാഥമിക സൗകര്യങ്ങളും കൂടുതൽ സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കാൻ പാർക്കിങ് സൗകര്യം കൃത്യമായി ക്രമീകരിക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 2,300 ശുചിമുറികൾ സജ്ജമാക്കിയിട്ടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പുലർച്ചെ സന്നിധാനത്ത് എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു.

സന്നിധാനത്ത് തിരക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം

സന്നിധാനത്തെ തീർഥാടകത്തിരക്ക് ഒഴിവാക്കാൻ ഗതാഗതനിയന്ത്രണം. പമ്പയിലേക്കെത്തുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. പത്തനംതിട്ടയിൽനിന്ന് എത്തുന്ന വാഹനങ്ങളും എരുമേലിയിൽനിന്ന് എത്തുന്ന വാഹനങ്ങളും നിയന്ത്രിച്ചാണ് കയറ്റിവിടുന്നത്. സന്നിധാനത്തെ തിരക്കനുസരിച്ച് ഇലവുങ്കലിന് മുമ്പ്‌ വാഹനങ്ങൾ നിയന്ത്രിക്കുന്നു. 

ഒരുമിച്ച് വാഹനങ്ങളെത്തുന്നത് ഒഴിവാക്കാനാണ് ഇടവേളകളിലായി വാഹനം കടത്തിവിടുന്നത്. ഇലവുങ്കലിന് മുമ്പായി കുറച്ച് ദൂരം മാത്രമാണ് വാഹനം പിടിച്ചിടുക. അത്യാവശ്യഘട്ടങ്ങളിൽ തീർഥാടകർക്ക് വാഹനങ്ങളിൽ വെള്ളമെത്തിച്ച് നൽകാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. സന്നിധാനത്തെത്തുന്ന തീർഥാടകർക്ക് സുഖദർശനവും സുരക്ഷയും ഉറപ്പാക്കാനാണ് വാഹനം നിയന്ത്രിക്കുന്നത്. നിയന്ത്രണം മൂലം തീർഥാടക തിരക്ക് കുറയ്ക്കാനായി. കഴിഞ്ഞ ദിവസങ്ങളിലെ അത്ര തിരക്ക് സന്നിധാനത്ത് ചൊവ്വാഴ്ച ഉണ്ടായില്ല. നിലയ്ക്കലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. എന്നാൽ എത്തുന്ന തീർഥാടകരുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!