പയ്യാമ്പലം ബീച്ചിലെത്തിയ വയോധികയുടെ സ്വർണമാല കവർന്നു

കണ്ണൂർ: പയ്യാമ്പലം ബീച്ച് കാണാനെത്തിയ വയോധികയുടെ രണ്ടരപ്പവൻ സ്വർണമാല സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം കവർന്നു. മൈസൂരു ജെ.പി നഗറിലെ രമാദേവിയുടെ സ്വർണമാലയാണ് കവർന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ബന്ധുക്കൾക്കൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു ഇവർ.
പയ്യാമ്പലം കടൽക്കരയിലെ കരിങ്കല്ലിന് മുകളിൽ നിന്ന് കടൽ വീക്ഷിക്കുന്നതിനിടെ സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിക്കുക ആയിരുന്നു. ഉറക്കെ ശബ്ദമുണ്ടാക്കി എങ്കിലും കവർച്ച സംഘം പള്ളിയാംമൂല ഭാഗത്തേക്ക് വേഗത്തിൽ സ്കൂട്ടർ ഓടിച്ച് രക്ഷപ്പെട്ടു. സ്കൂട്ടറിന്റെ പിറകിൽ ഇരുന്നയാളാണ് മാല പൊട്ടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ടൗൺ പോലീസ് അന്വേഷണം തുടങ്ങി.