അക്കൗണ്ടില്‍ കാണിക്കേണ്ടത് 17.21 ലക്ഷം രൂപ; കാനഡയില്‍ ഇനി പഠനച്ചെലവ് കുത്തനെ കൂടും

ഒട്ടാവ: വിദേശവിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് (cost-of-living financial requirement) ജനുവരി ഒന്നുമുതല്‍ ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിച്ചു. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം.
അടുത്തവര്‍ഷംമുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 ഡോളര്‍ (ഏകദേശം 17,21,125 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 8,34,068 രൂപ) ആയിരുന്നു കാണിക്കേണ്ടിയിരുന്നത്.
ട്യൂഷന്‍ഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്. പഠന പെര്‍മിറ്റിനുള്ളതുള്‍പ്പെടെയുള്ള ഫീസ് നേരത്തേ കൂട്ടിയിരുന്നു. 2022-ല്‍ കാനഡയിലെത്തിയ വിദേശവിദ്യാര്‍ഥികളില്‍(3.19 ലക്ഷം) ഇന്ത്യയില്‍നിന്നുള്ളവരാണ് കൂടുതല്‍.