പോലീസിന് നേരെയുണ്ടായ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട വധശ്രമ കേസ് പ്രതി അറസ്റ്റിൽ

കണ്ണൂർ: പിതാവ് പൊലീസിന് നേരെ വെടിയുതിർത്ത സമയത്ത് രക്ഷപ്പെട്ട വധശ്രമ കേസ് പ്രതിയെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സ്റ്റേഷൻ പരിധിയിൽ ചിറക്കൽ ചിറക്ക് സമീപം വച്ച് രണ്ടുപേരെ ആക്രമിച്ച കേസിലെ പ്രതി റോഷൻ ഉമ്മൻ ( 37) ആണ് പിടിയിലായത്. 2023 ഒക്ടോബർ 22 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ റോഷനെ പിടികൂടുന്നതിനുവേണ്ടി ഇക്കഴിഞ്ഞ നവംബർ 3ന് രാത്രി വീട്ടിലെത്തിയ പൊലീസിന് നേരെ റോഷന്റെ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവച്ചിരുന്നു. കുനിഞ്ഞു മാറിയത് കൊണ്ട് മാത്രമാണ് പൊലീസുകാർ രക്ഷപ്പെട്ടത്. വെടിവയ്പ്പിനിടയിൽ റോഷൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ബാബു ഉമ്മൻ തോമസിനെ പൊലീസ് കീഴ്‌പ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു.എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ വളപട്ടണം എസ്.എച്ച്.ഒ എം.ടി. ജേക്കബ്, സബ് ഇൻസ്‌പെക്ടർ എ. നിതിൻ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്നും പ്രതി പിടിയിലായത്. പൊലീസിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഡോ. ബാബു ഉമ്മൻ തോമസിന്റെ തോക്കിന്റെ ലൈസൻസ് പൊലീസ് കളക്ടറുടെ അനുമതിയോടെ റദ്ദാക്കുകയും ചെയ്തിരുന്നു.