സ്വന്തം ബസ്സില്ല; കെ.എസ്.ആര്‍.ടി.സിക്കായി ഓടാന്‍ അഞ്ച് സ്വകാര്യ ബസ് കമ്പനികള്‍, നികുതി ഒഴിവും നല്‍കും

Share our post

അന്തസ്സംസ്ഥാന പാതകളില്‍ കെ.എസ്.ആര്‍.ടി.സി.ക്കു വാടക നല്‍കി ബസ് ഓടിക്കാന്‍ അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാര്‍ സന്നദ്ധത അറിയിച്ചു. ഇവയ്ക്ക് സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. 45 സീറ്റിന്റെ പുഷ്ബാക്ക് സീറ്റ് ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് 45,000 രൂപയാണ് നികുതി. സെമി സ്ലീപ്പറിന് സീറ്റൊന്നിന് 2000 രൂപയും സ്ലീപ്പറിന് 3000 രൂപയും നല്‍കണം.

അനധികൃത സ്വകാര്യ ബസുകള്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നികുതി അടച്ചാണ് ഓടുന്നത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുക്കുന്നവയ്ക്ക് ഒരുവര്‍ഷത്തേക്ക് മൂന്നുലക്ഷവും മൂന്നുമാസത്തേക്ക് 90,000 രൂപയും അടയ്ക്കണം. ഇതില്‍ സംസ്ഥാന വിഹിതമാണ് ഒഴിവാക്കുന്നത്. അന്തസ്സംസ്ഥാന പാതകളിലെ അനധികൃത സ്വകാര്യ ബസുകള്‍ ഒഴിവാക്കി പകരം സര്‍ക്കാര്‍ ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം.

കെ.എസ്.ആര്‍.ടി.സി.ക്കു പുതിയ ബസുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ വഴി തേടുന്നത്. ബസും ജീവനക്കാരുമെല്ലാം സംരംഭകരുടേതായിരിക്കും. സംസ്ഥാനത്തിനുള്ളില്‍ നിന്നു പുറത്തേയ്ക്കുള്ള ഓരോ റൂട്ടിലും ഓടുന്നതിനു നിശ്ചിത വിഹിതം കെ.എസ്.ആര്‍.ടി.സി.ക്കു നല്‍കണം. പാലക്കാട്-ബെംഗളൂരു പാതയില്‍ ആദ്യ ബസ് ഓടിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ആഘോഷവേളകളില്‍ അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകാര്‍ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ നീക്കം തിരിച്ചടിയാണ്.

സ്വകാര്യബസുകാരെത്തന്നെ കൂട്ടുപിടിച്ച് സ്വന്തം കുത്തക തകര്‍ക്കാനുള്ള നീക്കത്തിനെതിരേ അന്തസ്സംസ്ഥാന ബസ് ലോബി രംഗത്തെത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിക്കരുതെന്ന നിര്‍ദേശം ചില സംഘടനകള്‍ അംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ സ്വന്തമായി ബസില്ലാത്ത വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും പരിഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 50 ബസുകളാണ് വേണ്ടത്.സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ വിഭാഗങ്ങളിലെ ഏതു ബസും കെ.എസ്.ആര്‍.ടി.സി. സ്വീകരിക്കും. മുതല്‍മുടക്കില്ലാത്ത വരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ഇതിലൂടെ ഉണ്ടാകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!