‘അക്കരെ’ സിനിമയുടെ കഥാകാരനും എഴുത്തുകാരനുമായ പി.കെ. നന്ദനവര്‍മ അന്തരിച്ചു

Share our post

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പറവൂര്‍ സായികൃപയില്‍ പി.കെ. നന്ദനവര്‍മ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവ യു.സി. കോളേജിനു സമീപം ഒക്സണിയ റിവേറ മാന്‍ഷന്‍ ഫ്‌ളാറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

വൈക്കം കൊട്ടാരത്തില്‍ കോവിലകത്ത് പരേതനായ പി.ആര്‍. കുഞ്ഞുണ്ണി തിരുമുല്‍പ്പാടിന്റെയും ചേര്‍ത്തല പടിഞ്ഞാറേ കാട്ടുങ്കല്‍ കോവിലകത്ത് പരേതയായ തങ്കക്കുട്ടിയമ്മയുടെയും മകനാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. ദീര്‍ഘകാലം സത്യസായി സേവാസമിതിയുടെ പറവൂര്‍ കണ്‍വീനറായും ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘അക്കരെ’ എന്ന സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതാണ്. ഇതേ പേരിലുള്ളതുകൂടാതെ ഉഷ്ണസന്ധ്യകള്‍, അപരിചിതന്റെ അനുജത്തി എന്നിവയാണ് ചെറുകഥാ സമാഹാരങ്ങള്‍. വാനമ്പാടി, മധുരഭക്തി (കവിതാ സമാഹാരം), മരമൊരു വരം (ബാലസാഹിത്യം), സായി ദര്‍ശനം (വിവര്‍ത്തനം) എന്നിവയുടെ രചയിതാവുമാണ്.

സീരിയലും ഡോക്യുമെന്ററികളും ലഘു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ ഭക്തിഗാനങ്ങളുമെഴുതി.

വയലിനിസ്റ്റ് മാവേലിക്കര കൊട്ടാരത്തില്‍ സുലേഖ വര്‍മയാണ് ഭാര്യ. മക്കള്‍: സന്ദീപ് വര്‍മ (വൈസ് പ്രസിഡന്റ് ബിസിനസ് ഓപ്പറേഷന്‍സ്, സ്റ്റോറി ബോട്സ്, ഗുഡ്ഗാവ്), സിനിമാ താരം ശബരീഷ് വര്‍മ. മരുമക്കള്‍: ശാലിനി (ആമസോണ്‍), അശ്വിനി (സിനിമ ആര്‍ട്ട് ഡയറക്ടര്‍). സഹോദരങ്ങള്‍: പരേതരായ പി.കെ. ഹരീന്ദ്ര വര്‍മ, ശാന്തകുമാരി.

അക്ഷരങ്ങള്‍ക്കക്കരെ, പാരമ്പര്യത്തിനിക്കരെ

കൊച്ചി: കാളിദാസന്റെ ഉജ്ജൈനിയിലെ ക്ഷേത്രത്തില്‍നിന്നു കിട്ടിയ പ്രസാദത്തിന്റെ ഓര്‍മയാണ് പി.കെ. നന്ദനവര്‍മയെക്കുറിച്ചു പറയുമ്പോള്‍ എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ മനസ്സിലുള്ളത്. ഏതാണ്ട് അറുപതുവര്‍ഷത്തിനപ്പുറത്തുള്ള ഒരു സമ്മാനത്തിന്റെ അനുഭവമാണത്. ക്ഷേത്രത്തിലെ പ്രസാദത്തിലൊരു പങ്ക് മോഹനവര്‍മ ചേര്‍ത്തലയിലെ വീട്ടിലേക്കയച്ചു. അദ്ദേഹത്തിന്റെ അമ്മ അത് രണ്ടുപേര്‍ക്കായി പകുത്തുനല്‍കി; മകന്‍ കെ.എല്‍. ശ്രീകൃഷ്ണദാസിനും ചേച്ചിയുടെ കൊച്ചുമകന്‍ നന്ദനവര്‍മയ്ക്കും. ആ പ്രസാദത്തിന്റെ അനുഗ്രഹമാണ് നന്ദനവര്‍മയെ എഴുത്തുകാരനാക്കിയതെന്ന് താന്‍ എപ്പോഴും പറയുമായിരുന്നെന്ന് മോഹനവര്‍മ.

”എന്റെ അമ്മയുടെ ചേച്ചിയുടെ കൊച്ചുമകനായിരുന്നതുകൊണ്ട് അനന്തരവന്റെ സ്ഥാനത്താണ് നന്ദനവര്‍മയെ കണ്ടിരുന്നത്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ സാഹിത്യവും സിനിമയുമായിരുന്നു പ്രധാന വിഷയങ്ങള്‍” – മോഹനവര്‍മ ഓര്‍മിച്ചു. സായിബാബയുടെ തീവ്രഭക്തനായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ നന്ദനവര്‍മയെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. ഈ സായിഭക്തിയാണ് അദ്ദേഹത്തെ ‘സായിദര്‍ശനം’ എന്ന വിവര്‍ത്തന ഗ്രന്ഥത്തിന്റെ രചയിതാവാക്കിയത്.

നന്ദനവര്‍മയുടെ ‘അക്കരെ’ എന്ന ചെറുകഥ കെ.എന്‍. ശശിധരന്‍ സിനിമയാക്കിയപ്പോള്‍ അഭിനയിച്ചത് മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരാണ്. പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ളതുള്‍പ്പെടെ ശ്രദ്ധേയമായ ഒട്ടേറെ ഡോക്യുമെന്ററികളും ഇദ്ദേഹത്തിന്റേതായുണ്ട്.

ഭാര്യ സുലേഖ വര്‍മ വയലിനില്‍ കേള്‍വി കേട്ടപ്പോഴും മകന്‍ ശബരീഷ് വര്‍മ നടനും ഗാനരചയിതാവുമൊക്കെയായി അറിയപ്പെട്ടപ്പോഴും മരുമകളായെത്തിയ അശ്വിനി കലാസംവിധാന രംഗത്ത് കൈയൊപ്പിട്ടപ്പോഴും നന്ദനവര്‍മയിലെ കലാകാരന്‍ തന്റെ കലാപാരമ്പര്യം വലുതാകുന്നതു കണ്ട് സന്തോഷിച്ചു. ‘പ്രേമം’ മുതല്‍ ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ വരെയെത്തി നില്‍ക്കുന്ന ശബരീഷിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് നന്ദനവര്‍മയ്ക്കുണ്ട്. ശബരീഷിന്റെ ഭാര്യ അശ്വിനി ഹൃദയം, ഗോള്‍ഡ് തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!