വിശക്കാതെ പഠിക്കാൻ ‘പ്രാതൽ കാതൽ’; മാതൃകാ പദ്ധതിയുമായി എൽ.പി.സ്കൂൾ

Share our post

കൊല്ലം: ഒഴിഞ്ഞ വയറുമായി പഠിക്കാനെത്തുന്ന കുട്ടികൾക്ക് ആശ്വാസമേകുകയാണ് പെരുമ്പുഴ ഗവ. എൽ.പി.സ്കൂൾ. ഇവിടെ ആരംഭിച്ച ’പ്രാതൽ കാതൽ’ പദ്ധതി സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കുന്നു. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വയറുനിറച്ച് കഴിക്കാൻ ഇഡ്ഡലിയും സാമ്പാറും പുട്ടും കടലയുമൊക്കെയാണ് വിളമ്പുന്നത്.

253 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ചിലർ ഉച്ചഭക്ഷണത്തിന്റെ ഒരു ഭാഗം പൊതിഞ്ഞ് വീട്ടിൽ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പ്രാതൽ കഴിക്കാതെയാണ് പലരും എത്തുന്നതെന്ന് അധ്യാപകർക്ക് മനസ്സിലായത്. അധ്യാപകർ ക്ലാസുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ 40 ശതമാനം കുട്ടികൾ പ്രഭാതഭക്ഷണം കഴിക്കാതെയാണ് എത്തുന്നതെന്ന് മനസ്സിലായി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പി.ടി.എ., എസ്.എം.സി. എന്നിവയുടെ നേതൃത്വത്തിൽ പദ്ധതിയുടെ ആദ്യരൂപം തയ്യാറാക്കി. സർക്കാർ സ്കൂളുകളിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പ്രഭാതഭക്ഷണം ലഭ്യമാക്കാൻ ശ്രമിക്കണമെന്ന സർക്കാർ ഉത്തരവും പിൻബലമായി.

സ്കൂളിനു സമീപത്തെ റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, പൂർവ വിദ്യാർഥികൾ, പൂർവാധ്യാപകർ എന്നിവരുടെ സഹായത്തോടെ ’പ്രാതൽ നിധി’ എന്നപേരിൽ പണം കണ്ടെത്തി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായ സുജിത പാചകക്കാരിയാകാം എന്ന് സമ്മതിച്ചതോടെ ഉള്ള പണവുമായി ശിശുദിനത്തിൽ പദ്ധതി ആരംഭിച്ചു. വിദ്യാർഥികൾ പിറന്നാൾ സമ്മാനമായി പച്ചക്കറികളും പലചരക്കും എത്തിക്കാൻ തുടങ്ങിയത് മറ്റൊരു വിസ്മയമായി. സ്കൂൾ, റവന്യൂ ജില്ലാ കലോത്സവ വേദിയായപ്പോൾ ധനശേഖരണാർഥം എം.പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു കൊച്ചു ചായക്കടയും നടത്തി.

ഭക്ഷണമുള്ള ദിവസങ്ങളിൽ രാവിലെ നാലരയ്ക്ക് അടുക്കള ഉണരും. എട്ടുമണിമുതൽ അസംബ്ലി തുടങ്ങുന്നതുവരെയാണ് വിതരണം. കഴിക്കാനെത്തുന്ന ആർക്കും വയറുനിറയ്ക്കാം. രണ്ടുമാസത്തേക്കു കൂടിയുള്ള പണമേ ഇപ്പോൾ കൈയിലുള്ളൂ. പക്ഷേ, എങ്ങനെയും അധ്യയനവർഷം അവസാനിക്കുന്നതുവരെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രഥമാധ്യാപിക ജെ.ശശികല പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!