പഴശ്ശി സ്മൃതിമന്ദിരം നവീകരണം ഉടൻ തുടങ്ങും

മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങും. പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണകേന്ദ്രമാക്കി മാറ്റുന്നതിനാണ് പദ്ധതി. കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്നത്. പഴശ്ശി കൊട്ടാരത്തിന്റെ കുളവും സമീപപ്രദേശവും ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുക.
പഴശ്ശി സ്മൃതിമന്ദിരം, ചരിത്ര-ഗവേഷക മ്യൂസിയം, ആംഫി തിയേറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഫുഡ് കോർട്ട് എന്നിവ നിർമിക്കും. കെ.ഐ.ഐ.ഡി.സി.യാണ് നവീകരണപ്രവൃത്തിയുടെ പദ്ധതിരേഖ തയ്യാറാക്കിയത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഴശ്ശിരാജയ്ക്ക് സ്മാരകകേന്ദ്രം ഒരുക്കുന്നത്.
ടൂറിസം സർക്യൂട്ടും പരിഗണനയിൽ
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടും പരിഗണനയിലുണ്ട്. മുൻപ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. വീരപഴശ്ശിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് ചരിത്രസ്മാരകങ്ങൾ ഒരുക്കുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയവും ഒരുക്കുന്നുണ്ട്.
പഴശ്ശിയിൽ 2014-ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെ കുളത്തിൽ കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. പിന്നീട് 2016-ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ വീട്ടിത്തടികൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചിരുന്നു.
പഴശ്ശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വിവിധ ഏടുകൾ ചുമർചിത്രങ്ങളായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.