മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ചുവർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായത്.
വിദേശകമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര അവഗണനയും തുടരുന്നു. ഈ പ്രതിസന്ധിക്കിടയിലാണ് ഈ വർഷം മേയിൽ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ അവസാനിപ്പിച്ചത്. യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഇതുവഴി ഉണ്ടായത്.
ഗോഫസ്റ്റ് സർവീസ് നിർത്തിയതോടെ എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് സർവീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസ് എയർ ഏഷ്യയുമായി ലയിക്കുകയും കൂടുതൽ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നത് കണ്ണൂരിനും പ്രതീക്ഷപകരുന്നുണ്ട്. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ സർവീസുകൾ തുടങ്ങുന്ന കാര്യം കമ്പനിയുടെ പരിഗണനയിലുണ്ട്.
പോയിന്റ് ഓഫ് കോളിനായി നീളുന്ന കാത്തിരിപ്പ്
:വിദേശകമ്പനികളുടെ സർവീസുകൾ വഴി മാത്രമേ കണ്ണൂർ വിമാനത്താവളം ലാഭകരമാക്കാൻ കഴിയൂ. സംസ്ഥാന സർക്കാരും കിയാലും നിരന്തരം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനമുണ്ടാകുന്നില്ല. പുതിയ വിമാനത്താവളങ്ങൾക്ക് വിദേശ സർവീസിനുള്ള ‘പോയിന്റ് ഓഫ് കോൾ’ പദവി നൽകേണ്ടതില്ലെന്ന നയമാണ് കാരണമായി പറയുന്നത്.
അടുത്തിടെയാണ് ഗോവയിലെ മനോഹർ വിമാനത്താവളത്തിൽ ഒമാൻ എയർ സർവീസിന് അനുമതി നൽകിയത്. ഡാംബോളിം വിമാനത്താവളത്തിലെ സർവീസാണ് പുതിയ വിമാനത്താവളത്തിലേക്ക് മാറ്റിയത്.
ഇതേരീതിയിൽ ജയ്‌പുരിലെ സർവീസ് കണ്ണൂരിലേക്ക് മാറ്റാൻ മുൻപ് ഇത്തിഹാദ് എയർവേയ്‌സ് അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു.
ഏവിയേഷൻ പാർലമെന്ററി കാര്യസമിതി സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. വിദേശ സർവീസുകളുടെ കാര്യത്തിൽ അനുകൂല നിലപാടാണ് സമിതിയെടുത്തത്.
സാധ്യതകൾ ഒട്ടേറെ
:ഹജ്ജ് പുറപ്പെടൽ കേന്ദ്രം കഴിഞ്ഞ വർഷം കണ്ണൂരിൽ അനുവദിച്ചിരുന്നു. പരാതികളൊന്നുമില്ലാതെ ആദ്യ ഹജ്ജ് ക്യാമ്പ് പൂർത്തിയാക്കാനായി. വിദേശ കമ്പനികളുടെ സർവീസിനൊപ്പം ചരക്കുവിമാനങ്ങളും സർവീസ് തുടങ്ങിയാൽ കിയാലിന് നേട്ടമാകും. രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന തരത്തിൽ 3050 മീറ്റർ റൺവേയും വിശാലമായ ടെർമിനലും അനുബന്ധ സംവിധാനങ്ങളും ഇവിടെയുണ്ട്. അനുബന്ധ പദ്ധതിക്ക് ആവശ്യമായ ഭൂമിയും വിമാനത്താവള കമ്പനിയുടെ കൈവശമുണ്ട്.
പെരുകുന്ന നഷ്ടക്കണക്ക് :എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2022-23 വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ നഷ്ടം 131.98 കോടി രൂപയാണ്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളങ്ങളിൽ നഷ്ടത്തിന്റെ കാര്യത്തിൽ രാജ്യത്ത് അഞ്ചാംസ്ഥാനത്താണ് കണ്ണൂർ. വിമാനത്താവള കമ്പനിയുടെ വായ്പാ തിരിച്ചടവിന്റെ കാലാവധി 11 വർഷത്തിൽനിന്ന് 20 ആക്കി നീട്ടാൻ ധാരണയായെന്ന് മുഖ്യമന്ത്രി വാർഷികയോഗത്തിൽ അറിയിച്ചിരുന്നു.
കൂടുതൽ സർവീസുകൾ വരും
വിമാനത്താവളം അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ ശുഭപ്രതീക്ഷയാണുള്ളത്. എയർഇന്ത്യ എക്സ്പ്രസിന്റേതുൾപ്പെടെ കൂടുതൽ സർവീസുകൾ ഉടൻ തുടങ്ങും. കമ്പനികളുമായി ‘കിയാൽ’ നിരന്തരം ചർച്ച നടത്തുന്നുണ്ട്. യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന തരത്തിൽ വിമാനത്താവളം ഉയരും. പ്രതിസന്ധികളെ മറികടന്ന് വളരാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സി.ദിനേശ് കുമാർ,
മാനേജിങ് ഡയറക്ടർ, കിയാൽ