ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗം നിയമനത്തിൽ യോഗ്യത ഇളവിന് നീക്കം

Share our post

കണ്ണൂർ:ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിൽ അടിസ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി നിയമനം നടത്താൻ വീണ്ടും ശ്രമം. മുൻ വർഷം യോഗ്യതകളിൽ മാറ്റം വരുത്തി നിയമനം നടത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും എതിർപ്പുയർന്നതിനെ തുടർന്ന് പിന്മാറുകയായിരുന്നു.

നിലവിലെ നിയമപ്രകാരം ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിൽ നിയമനം ലഭിക്കുന്നതിനുള്ള യോഗ്യത സയൻസ് വിഷയങ്ങളിൽ പ്ലസ് ടു, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സിൽ ഡിപ്ലോമ, പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്.സയൻസ് വിഷയത്തിലെ പ്ലസ് ടു, പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയും 10 വർഷത്തിൽ അധികം സർവീസ് ഉള്ളവർക്കു ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് ഡിപ്ലോമ തന്നെയും ഒഴിവാക്കി സ്‌പെഷ്യൽ റൂൾസ് ഭേദഗതി നടത്താനാണ് നീക്കം.

കഴിഞ്ഞ വർഷം ജൂലായിൽ സ്‌പെഷ്യൽ റൂൾസിന് വിരുദ്ധമായി അറ്റെൻഡർ തസ്തികയിൽ പ്ലസ് ടു സയൻസ് യോഗ്യത ഒഴിവാക്കി അപേക്ഷ ക്ഷണിച്ചെങ്കിലും ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചതോടെ നിയമനം തടയുകയായിരുന്നു. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമമാരംഭിച്ചിരിക്കുന്നത്.

യോഗ്യതയിൽ ഇളവിനെതിരെ വിമർശനം

കൊവിഡ്, നിപ്പ പോലുള്ള പകർച്ചവ്യാധി നിയന്ത്രണത്തിനും നിർമ്മാർജനത്തിനും പ്രവർത്തിക്കേണ്ടതും കേന്ദ്ര സംസ്ഥാന ആരോഗ്യ പദ്ധതികൾ, പോതുജനാരോഗ്യ നിയമം എന്നിവ നടപ്പാക്കുന്നതിനും പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കേണ്ടതുമായ സുപ്രധാന തസ്തികയാണ് ഹെൽത്ത് ഇൻസ്‌പെക്ടർ.

ഈ തസ്തികയിൽ ഏതാനും പേർക്ക് നിയമനം ലഭിക്കുന്നതിനായി യോഗ്യതയിൽ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യ സംരക്ഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പൊതുവേയുള്ള വിമർശനം.സയൻസ് വിഷയത്തിലെ പ്രവീണ്യം ആരോഗ്യമേഖലയിലെ തസ്തികയിൽ അനിവാര്യമാണ്. മറ്റു തസ്തികകളിൽ എല്ലാം യോഗ്യത ഉയർത്തുന്ന സാഹചര്യത്തിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർ വിഷയത്തിൽ ഇത്തരം ഒരു അസാധാരണ നീക്കം നടക്കുന്നത്.

കോഴ്സ് കഴിഞ്ഞവർ 8500;നിയമനം പ്രതീക്ഷിച്ച് 3000 പേരും

കഴിഞ്ഞ 15 വർഷത്തിനിടയിൽ 8500 പേരാണ് ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് പാസ്സായത്.എല്ലാ ജില്ലകളിൽ നിന്നുമായി മൂവായിരത്തോളം പേരാണ് പി.എസ്.സി വഴിയുള്ള നിയമനം കാത്തു നില്കുന്നത്. ഈ സാഹചര്യത്തിലാണ് നിലവിൽ സർവീസിൽ ഉള്ളവരുടെ ക്വോട്ട 40 ശതമാനം ആക്കാനും യോഗ്യതകളിൽ ഇളവ് വരുത്താനുമുള്ള നീക്കം നടക്കുന്നത്.

സർവീസ് സംഘടനകളുമായുള്ള ചർച്ചകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിലെ സംഘടനകൾ യോഗ്യത കുറക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭരണാനുകൂല സംഘടനകളുടെ താത്പര്യത്തിന് അനുസരിച്ചു ഭേദഗതിയുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യവകുപ്പ്.

സമരത്തിനൊരുങ്ങി റാങ്ക് ഹോൾഡേഴ്സ് അസോ.

പൊതുജനാരോഗ്യത്തെ ബാധിക്കുകയും ഉദ്യോഗ്യർത്ഥികളെ വഞ്ചിക്കുകയും ചെയുന്ന തരത്തിൽ യോഗ്യതകളിൽ ഇളവ് വരുത്താനുള്ള നീക്കത്തിനെതിരെ സമരം നടത്തുമെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കണ്ണഝർ ജില്ലാ നേതൃത്വം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!