ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവം : കണ്ണൂരിൽ പരീക്ഷയെഴുതും 7000 പേർ

കണ്ണൂർ: നിരക്ഷരത ഇല്ലാതാക്കാൻ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതിയിലൂടെ ജില്ലയിൽ 7000 പേർ പരീക്ഷയെഴുതും. ജില്ലയിൽ നേരത്തെ ഉൾപ്പെടുത്തിയ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതിയിൽ നേരത്തേ പ്രത്യേകമായി ഉൾപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന ഇടങ്ങളിലെ നിരക്ഷരരായ ആളുകളെ കൂടി ഉൾപ്പെടുത്തിയാണ് ഇത്രയും പേർ പരീക്ഷ എഴുതുന്നത്.പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 302 പേരും പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 984 പേരും പരീക്ഷ എഴുതും.
ഇതിൽ 483 പേർ പുരുഷൻമാരാണ്. 420 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജമാക്കിയിട്ടുള്ളത്. ഡിസംബർ 10ന് മികവുത്സവം എന്ന പേരിലാണ് പരീക്ഷ നടത്തും.പദ്ധതിയുടെ മുന്നോടിയായി തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഘാടക സമിതി രൂപികരിച്ചാണ് പ്രവർത്തനം നടത്തിയത്. ഗൂഗിൾ സർവ്വേയിലൂടെയാണ് നിരക്ഷരരെ കണ്ടെത്തിയത്. സർവ്വേ നടത്തുന്നതിന് വളണ്ടിയർ പരിശീലനവും നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകിയാണ് സാക്ഷരതാ ക്ലാസുകൾ ആരംഭിച്ചത്. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കൾക്ക് 120 മണിക്കൂർ ക്ളാസുകൾ നൽകി. വീടുകൾ, തൊഴിലിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളെല്ലാമാണ് പഠന കേന്ദ്രങ്ങളാക്കിയത്.ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാംഎല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണിത്.
സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 15 വയസിന് മുകളിൽ പ്രായമുള്ള നിരക്ഷരരെ കണ്ടെത്തി അവരെ സാക്ഷരതയുള്ളവരാക്കുകയാണ് ലക്ഷ്യം. ഏകദേശം 5 കോടി ആളുകളെ പദ്ധതിയുടെ ഭാഗമാക്കി വിദ്യാഭ്യാസം നൽകും . 2022-23 മുതൽ 2026-27 വരെയുള്ള അഞ്ച് വർഷക്കാലത്തേക്ക് 700 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. പ്രധാനമായും അഞ്ച് ഘടകങ്ങൾ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസം നൽകുന്നത്.
അഞ്ച് ഘടകം ഇവ
1. അടിസ്ഥാന സാക്ഷരത സംഖ്യാശാസ്ത്രം.
2. ക്രിട്ടിക്കൽ ലൈഫ് സ്കിൽസ് (സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ സാക്ഷരത, നിയമ സാക്ഷരത, ആരോഗ്യ സംരക്ഷണവും അവബോധവും, ശിശു സംരക്ഷണവും വിദ്യാഭ്യാസവും, കുടുംബക്ഷേമം )
3. അടിസ്ഥാന വിദ്യാഭ്യാസം (ക്ലാസ്സുകൾ 3 – 5), മിഡിൽ (6- 8 ക്ലാസുകൾ), സെക്കൻഡറി ഘട്ടം (ക്ലാസുകൾ 9-12) തുല്യത എന്നിവ ഉൾപ്പെടുന്നു)
4. തൊഴിലധിഷ്ഠിത നൈപുണ്യ വികസനം (പുതിയ സാക്ഷരർക്ക് പ്രാദേശിക തൊഴിൽ നേടുന്നതിനുള്ള തുടർ പരിശീലനം നൽകൽ)
5. തുടർവിദ്യാഭ്യാസം (കല, ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്കാരം, കായികം, വിനോദം തുടങ്ങി പഠിതാക്കൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ സമഗ്രമായ തുടർ വിദ്യാഭ്യാസ കോഴ്സുകൾ ഉൾപ്പെടുത്തുന്നത് ഇതിൽ ഉൾപ്പെടുന്നു).