മയക്കുമരുന്ന് കേസിലെ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

മട്ടന്നൂർ: വിദേശത്തേക്ക് കടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. കാസർകോട് കോട്ടിക്കുളം സ്വദേശി മുഹമ്മദ് നദീറി (30)നെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ബുധനാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു.