ഹൈറിച്ച് ഓൺലൈൻ എം.ഡി പ്രതാപൻ ദാസൻ ജി.എസ്.ടി വെട്ടിപ്പ് കേസിൽ അറസ്റ്റിൽ

കൊച്ചി : 126 കോടിയുടെ ചരക്കുസേവന നികുതി വെട്ടിക്കുകയും ഓൺലൈൻ വ്യാപാരത്തിൽ നിന്നുള്ള 703 കോടിയുടെ വിറ്റുവരവ് മറച്ചുവയ്ക്കുകയും ചെയ്‌തെന്ന കേസിൽ തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിങ് (എം.എൽ.എം) കമ്പനിയുടെ ഡയറക്ടറെ കേരള ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ നെരുവിശേരിയിലുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ ദാസനെയാണ് ജി.എസ്.ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി റിമാൻഡ് ചെയ്തു.
സംസ്ഥാന ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസാണിത്. നവംബർ 24ന് ജി.എസ്.ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസ് റെയ്ഡ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി ആദ്യഘട്ടത്തിൽ 1.50 കോടിയും രണ്ടാമത് 50 കോടിയും പിഴയടച്ചിരുന്നു. പ്രതിയുടെ ഓൺലൈൻ ഷോപ്പിന് മറ്റു സംസ്ഥാനങ്ങളിലും വിൽപ്പനയുള്ളതായാണ് വിവരം.
അതേസമയം, നികുതിവെട്ടിപ്പ് നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കമ്പനി നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഹൈറിച്ച് ഓൺലൈൻ ഷോപ് അധികൃതർ അറിയിച്ചു. ജി.എസ്.ടി ഫയലിങ്ങിലെ തെറ്റിദ്ധാരണകളാണ് പെരുപ്പിച്ച കണക്കായി പുറത്തുവന്നതെന്നും അധികൃതർ അറിയിച്ചു.