വേഗതയില്ലാതെ അതിവേഗ പോക്‌സോ കോടതികൾ: കേസുകൾ കുന്നോളം

Share our post

കണ്ണൂർ:കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ആരംഭിച്ച അതിവേഗ പോക്സോ കോടതികളിൽ ജീവനക്കാരുടെ അഭാവത്തിൽ കേസുകൾ കെട്ടിക്കിടക്കുന്നു. പൊലിസിൽ നിന്നും ബാലവകാശ കമ്മീഷനിൽ നിന്നും ലഭിക്കുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ സെപ്തംബർ വരേ പതിനായിരത്തിനടുത്ത് കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂലായ് വരെ 8506 കേസുകളാണ് കെട്ടിക്കിടക്കുന്നത്. തിരുവന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് തീർപ്പാക്കാൻ കൂടുതൽ കേസുകളുള്ളത്.
ഫോറൻസിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിലും പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിലേയും കാലതാമസമാണ് പ്രധാനമായും കേസുകൾ ഇഴയുന്നതിന് കാരണമായി പറയുന്നത്. സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം സെപ്തംബർ വരേ 3448 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുള്ളത് തിരുവനന്തപുരത്താണ്-448, രണ്ടാമത് മലപ്പുറമാണ്-380. ആറുവർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം 4586 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്രർ ചെയ്തത്.

സംസ്ഥാനത്ത് 54 അതിവേഗ പോക്‌സോ കോടതികൾക്ക് പുറമേ 14 കോടതികളെ പോക്സോ കോടതികളായി വിജ്ഞാപനം ചെയ്തിരുന്നു. പോക്‌സോ കേസുകളിൽ വേഗത്തിൽ വിചാരണ ഉറപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെയാണ് ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികൾ സ്ഥാപിക്കപ്പെട്ടത്. ആദ്യം 2023 വരെയുള്ള സംവിധാനമെന്ന നിലയിലാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 2026 വരെ നീട്ടിയിട്ടുണ്ട്.

കണ്ണൂരിൽ 177

റൂറൽ മേഖലയിൽ ഒക്ടോബർ വരെ 107 പോക്സോ കേസുകളും സിറ്റി സ്റ്റേഷൻ പരിധിയിൽ ആഗസ്റ്റ് വരെയുള്ള 70 എണ്ണവുമുൾപ്പെടെ ഈ വർഷം 177 പോക്സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം 226 കേസുകളും 2021ൽ 186 കേസുകളും കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിൽ ഈ വർഷം രജിസ്റ്രർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 137 ആണ്.

വേണ്ടത് 750

ഉള്ളത് 150

രണ്ട് സ്ഥിരം ജീവനക്കാരും നാല് കരാർ ജീവനക്കാരുമാണ് ഒരു കോടതിയിലുള്ളത്. ചുരുങ്ങിയത് 10 പേരെങ്കിലും വേണമെന്ന് 2018ൽ കോടതികൾ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർത്ഥ്യമായിട്ടില്ല. 750 പേർ വേണ്ടിടത്ത് ഇപ്പോഴുള്ള സ്ഥിരം ജീവനക്കാരുടെ എണ്ണം 150 ആണ്. താൽക്കാലിക ജീവനക്കാരുടെ എണ്ണം 300.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!