ഫ്യൂസ് ഊരാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കൈയേറ്റം
പാനൂർ: ഫ്യൂസ് ഊരാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കൈയേറ്റം. പാറാട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പി. കുഞ്ഞുമോനാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ വിളക്കോട്ടൂർ സ്വദേശിയായ ചാമോളയിൽ ബാബു (48) വിനെ കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു.
സബ് എൻജിനീയർ നിയോഗിച്ചത് പ്രകാരം തിങ്കളാഴ്ച വൈകീട്ട് ബില്ലടക്കാത്തവരുടെ ഫ്യൂസ് ഊരാനെത്തിയതായിരുന്നു കുഞ്ഞുമോൻ. വിളക്കോട്ടൂർ അമ്പാടി ഹോട്ടലിന് മുൻവശം വച്ച് പ്രതി തടഞ്ഞു നിർത്തുകയും, ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.
ഫ്യൂസ് ഊരേണ്ടവരുടെ ലിസ്റ്റ് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തിരുന്നു. കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രതിയെ സി.ഐ എൻ. പ്രജീഷ്, എസ്.ഐ ടി.എൻ പ്രസാദ്, എ.എസ്.ഐമാരായ എം.എസ് ശരത്ത് കുമാർ, കെ.കെ സഹദേവൻ, സി.പി.ഒ ഹിറേഷ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രതി റിമാൻഡിലായി.