ആ ടെന്‍ഷന്‍ വേണ്ട; ഗൂഗിൾ മാപ്പില്‍ ലൈവായി അറിയാം കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ ബസ് വിവരം

Share our post

തിരുവനന്തപുരം: നഗരത്തില്‍ ഓടുന്ന സിറ്റി സര്‍ക്കുലര്‍ ഇ-ബസുകളുടെ യാത്രാവിവരം ഗൂഗിള്‍ മാപ്പില്‍ തത്സമയം അറിയാം. 50 പാതകളിലാണ് ആദ്യഘട്ടത്തില്‍ ക്രമീകരണം. റിയല്‍ ടൈം ട്രയല്‍ റണ്‍ പ്രത്യേക ഗൂഗിള്‍ ട്രാന്‍സിറ്റ് ഫീച്ചര്‍ വഴി ഗൂഗിള്‍ മാപ്പിലൂടെ ലഭ്യമാകും.

പൊതുജനങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പിലെ ബസ് സ്റ്റോപ്പ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ലൈവ് എന്ന് കാണിക്കുകയാണെങ്കില്‍ പ്രസ്തുത ബസിന്റെ തത്സമയവിവരങ്ങള്‍ കൃത്യമായി അറിയുവാനും, ഷെഡ്യൂള്‍ എന്ന് മാത്രം കാണിക്കുന്നെങ്കില്‍ ബസിന്റെ ഷെഡ്യൂള്‍ സമയം മാത്രം അറിയാന്‍ സാധിക്കുകയും ചെയ്യും.

യാത്രക്കാര്‍ക്ക് ബസിനെ സംബന്ധിച്ച് തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി മാര്‍ഗദര്‍ശി എന്ന ആപ്പ് ഒരുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. മുമ്പ് അറിയിച്ചിരുന്നു. ബസിന്റെ തത്സമയ ട്രാക്കിങ്, ബസ് ഷെഡ്യൂളിങ്, ക്രൂ മാനേജ്മെന്റ്, അമിതവേഗം ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കാനാവും. പൊതുജനങ്ങള്‍ക്ക് ബസിന്റെ വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനര്‍ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകുമെന്നായിരുന്നു വിവരം.

മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത മേഖലയില്‍ ഡീസല്‍ ബസുകള്‍ ഒഴിവാക്കി ഇലക്ട്രിക് ബസുകള്‍ എത്തിക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി. ഇതിന്റെ ഭാഗമായി സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഇലക്ട്രിക് ബസുകളാണ് എത്തിച്ചിരിക്കുന്നത്.

നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്നത്. ബസുകളുടെ റൂട്ടുകള്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി സ്വീകരിക്കുമെന്നാണ് ഗതാഗതമന്ത്രി അറിയിച്ചിരുന്നത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഉള്‍പ്പെടുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!