എസി വേണ്ട, തണുക്കാൻ ഇനി പുതിയ സംവിധാനം; മാതൃകയുമായി വിദ്യാർഥികൾ

Share our post

കണ്ണൂർ : മഞ്ഞുപോലെ തണുപ്പിക്കാൻ പരിസ്ഥിതി സൗഹൃദസംവിധാനം നിർദേശിച്ചു കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻ‍ഡറി സ്കൂൾ വിദ്യാർഥികൾ. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിലാണു സെന്റ് മൈക്കിൾസ് പത്താംതരം വിദ്യാർഥികളായ പി.അഭിരാം കൃഷ്ണ, എം.ആദിദേവ് അനിൽ എന്നിവർ എയർ കണ്ടീഷനു ബദലായി പുതിയ മാതൃക മുന്നോട്ടുവച്ച് ഒന്നാം സ്ഥാനം നേടിയത്.

എയർ കണ്ടീഷനറുടെ ഉപയോഗം പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമായേക്കാമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ ഇതിനു ബദലായി ഗോളാകൃതിയിലുള്ള കാത്സ്യം കാർബണേറ്റ് (ചുണ്ണാമ്പ്) പരലുകൾ ഉപയോഗിച്ചു ചെലവു കുറഞ്ഞതും വൈദ്യുതി ഉപയോഗം ഇല്ലാത്തതുമായ ഒരു കൂളിങ് സിസ്റ്റമാണ് ഇവർ അവതരിപ്പിക്കുന്നത്.

അധ്യാപകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.സതീഷ്കുമാർ, ഡോ.ജോജി കുര്യൻ, ശാസ്ത്ര അധ്യാപകർ എന്നിവരുടെ മാർഗനിർദ്ദേശങ്ങൾ പ്രോജക്ട് പൂർത്തീകരണത്തിനു സഹായിച്ചത്. കക്കാട് സ്വദേശികളായ പി.ഷീൻ– എം.നിമ്മി ദമ്പതികളുടെ മകനാണ് അഭിരാം കൃഷ്ണ. അഴീക്കോട് സ്വദേശികളായ എം.അനിൽ– ജൂന ദമ്പതികളുടെ മകനാണ് ആദിദേവ് അനിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!