ഇനി മലയാള വെബ്‌സീരീസ് കാലം; കോടികളിറക്കി ഒ.ടി.ടി.ക്കാർ

Share our post

കൊച്ചി: മലയാളം വെബ്സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ. കേരളത്തിൽനിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർധിച്ചതോടെയാണിത്. ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഇതിനായി മുടക്കുന്നത്. മുൻനിര സംവിധായകരും താരങ്ങളും വെബ്സീരീസുകൾക്ക് പിറകെയാണിപ്പോൾ.

ഡിസ്‌നി ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, സോണി ലിവ് എന്നിവയെല്ലാം വൻതോതിൽ പണം മുടക്കിത്തുടങ്ങിക്കഴിഞ്ഞു. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് മുൻപന്തിയിൽ. ഇവരുടെ രണ്ട് വെബ്സീരീസുകൾ ഇതിനകം റിലീസ് ചെയ്തു. ഉടൻ രണ്ടെണ്ണംകൂടി ഉടനെത്തും. അഞ്ചെണ്ണം നിർമാണഘട്ടത്തിലാണ്. എല്ലാത്തിലും മുൻനിരതാരങ്ങളാണ് അഭിനയിക്കുന്നത്.

സോണി ലിവ് ഒരെണ്ണത്തിന്റെ നിർമാണം പൂർത്തിയാക്കി. രണ്ടെണ്ണത്തിന് അനുമതിയായിട്ടുമുണ്ട്. നെറ്റ്ഫ്ളിക്സ് ആകട്ടെ മലയാളത്തിലെ ഒരു പ്രശസ്തസംവിധായകനുമായി വെബ്സീരീസ് സംബന്ധിച്ച ആദ്യഘട്ടചർച്ച പൂർത്തിയാക്കി. ആമസോൺ പ്രൈമും ആദ്യ മലയാളം വെബ്സീരീസിന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ്.

ഇന്ത്യയിലെ മറ്റുഭാഷകളിലും വിദേശമലയാളികളിലും മലയാളം വെബ്സീരീസുകൾക്ക് കാഴ്ചക്കാരേറെയാണ് എന്ന കണ്ടെത്തലാണ് ഒ.ടി.ടി.ക്കാരെ ആ വഴിക്ക് നയിച്ചത്. വലിയതോതിൽ പുതിയ വരിക്കാരെ സൃഷ്ടിക്കാനാകും എന്നാണ് അവരുടെ റിസർച്ച് അനലിസ്റ്റുകളുടെ പഠനം. ഡിസ്നി ഹോട്ട്സ്റ്റാറിന്റെ രണ്ടു വെബ്സീരീസുകളും നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ വാണിജ്യലക്ഷ്യം നേടിക്കഴിഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!