സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5,447 ഒഴിവുണ്ട്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കുള്ള 167 ബാക്ക്ലോഗ് ഒഴിവുകളുള്‍പ്പെടെയാണിത്. കേരളവും ലക്ഷദ്വീപുമുള്‍പ്പെടുന്ന തിരുവനന്തപുരം സര്‍ക്കിളില്‍ 250 ഒഴിവാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. മെഡിക്കല്‍, എന്‍ജിനീയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതകളും പരിഗണിക്കും.
ശമ്പള സ്‌കെയില്‍: 36,000-63,840 രൂപ.
പ്രവൃത്തിപരിചയം: ബിരുദം നേടിയശേഷം ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കിലോ റീജണല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയിരിക്കണം.
പ്രായം: 31.10.2023-ന് 21-30 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
അപേക്ഷിക്കുന്നത് ഏത് സര്‍ക്കിളിലേക്കാണോ ആ സര്‍ക്കിളിലെ പ്രാദേശികഭാഷ (തിരുവനന്തപുരം സര്‍ക്കിളിലേക്ക് മലയാളം) അറിഞ്ഞിരിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഷാപരിജ്ഞാനം പരിശോധിക്കുന്നതിനുള്ള പരീക്ഷയുണ്ടാവും. എന്നാല്‍, പത്താംതലത്തിലോ പന്ത്രണ്ടാംതലത്തിലോ ഈ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചവര്‍ ഇതെഴുതേണ്ടതില്ല.
ഫീസ്: 750 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല). ഓണ്‍ലൈനായി അടയ്ക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, സ്‌ക്രീനിങ്, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷ ഒബ്ജക്ടീവ് ടെസ്റ്റും ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റും ഉള്‍പ്പെടുന്നതാണ്. 120 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. 120 ചോദ്യങ്ങളുണ്ടാവും.
ഇംഗ്ലീഷ് ഭാഷ (30 മാര്‍ക്ക്), ബാങ്കിങ് നോളജ് (40 മാര്‍ക്ക്), ജനറല്‍ അവയര്‍നെസ്/ഇക്കോണമി (30 മാര്‍ക്ക്), കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് (20 മാര്‍ക്ക്) എന്നിവയാണ് വിഷയങ്ങള്‍. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കില്ല. ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ 50 മാര്‍ക്കിനായിരിക്കും. 30 മിനിറ്റായിരിക്കും സമയം. ഇംഗ്ലീഷ് ഭാഷയിലെ (ലെറ്റര്‍ റൈറ്റിങ് ആന്‍ഡ് എസ്സേ) പരിജ്ഞാനം പരിശോധിക്കുന്ന പരീക്ഷയായിരിക്കുമിത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ലക്ഷദ്വീപില്‍ കവരത്തിയിലും കേന്ദ്രങ്ങളുണ്ടാവും.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://sbi.co.in-ല്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 12.