ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ പ്രധാനിയാണ് ഉപ്പ്. കറികളിൽ ഉപ്പ് ചേർക്കുന്നതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചിയെ ബാധിക്കും. എന്നാൽ ഉപ്പ് കൂടുന്നത് രുചിയെ മത്രമല്ല ആരോഗ്യത്തേയും കാര്യമായി ബാധിക്കും. ഇതു വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡയറ്റിൽ ഉപ്പിന്റെ അളവുകൂടുന്നത് രക്തസമ്മർദത്തിന്റെ തോത് കൂട്ടുന്നതിനൊപ്പം ഹൃദ്രോഗപ്രശ്നങ്ങൾക്കും ഇടയാക്കും. എന്നാൽ ഇവ മാത്രമല്ല ഉപ്പിന്റെ അളവ് അർബുദത്തിനും കാരണമാകാം.
പത്തുഗ്രാമിൽ കൂടുതൽ ഉപ്പ് ദിവസവും കഴിക്കുന്നത് ഉദര അർബുദത്തിന് ഇടയാക്കുമെന്ന് മുമ്പ് പുറത്തുവന്നിട്ടുള്ള ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നുണ്ട്. എലികൾക്ക് ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം നൽകിയാണ് പരീക്ഷണം നടത്തിയത്. ഇതിലൂടെ ഉപ്പ് അമിതമായി അളവിൽ ഉപയോഗിച്ചത് വയറിന്റെ ആവരണത്തിൽ മാറ്റംവരുത്തുന്നുവെന്ന് കണ്ടെത്തി.
ഇതുകൂടാതെ ചൈന, അമേരിക്ക, സ്പെയിൻ തുടങ്ങിയവിടങ്ങളിൽ നടത്തിയ പഠനങ്ങളിലും ഉപ്പിന്റെ അമിതോപയോഗവും ഉദര അർബുദവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പറഞ്ഞിരുന്നു. ഉപ്പ് ധാരാളമായി ഉപയോഗിക്കുന്നതും ഗ്യാസ്ട്രിക് കാൻസറും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്ഷൻ ഓൺ സാൾട്ട് എന്ന ജേർണലിലും ആർട്ടിക്കിൾ വന്നിരുന്നു.
ഉദര അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ബാക്ടീരിയമാണ് ഹെലികോബാക്റ്റർ പൈലോറി (Helicobacter pylori ). ഇത് ഗ്യാസ്ട്രിക് അൾസറിനു കാരണമാവുകയും ഉദര അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. എച്ച്.പൈലോറിയുടെ തോത് വർധിപ്പിക്കുന്നതിൽ ഉപ്പിന് വലിയ പങ്കുണ്ടെന്നാണ് പ്രസ്തുത ലേഖനത്തിൽ പറയുന്നത്.
ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറുനിറഞ്ഞ അവസ്ഥ, രക്തസ്രാവം, മലത്തിൽ രക്തത്തിന്റെ അംശം, രക്തം കട്ടപിടിക്കുന്നത്, വേദന തുടങ്ങിയവയാണ് ഉദര അർബുദത്തിന്റെ ലക്ഷണങ്ങൾ.
സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ് ഉദര അർബുദത്തിനുള്ള സാധ്യത കൂടുതലെന്നാണ് പഠനത്തിൽ പറയുന്നത്.
ലോകാരോഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാഗം പേരും 10.8 ഗ്രാം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളാൻ ലോകാരോഗ്യസംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാനാണ് ഇതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
ഉപ്പിന്റെ അളവ് ഡയറ്റിൽ കൂടുതലാണോ എന്നതു വ്യക്തമാക്കുന്ന ലക്ഷണങ്ങൾ
വയറു വീർക്കുക
ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്. ഉപ്പ് അമിതമാകുന്നതിലൂടെ ശരീരത്തിലെ വെള്ളം വർധിക്കുകയും ദ്രാവകം അടിയുന്നതുകൂടുകയും ചെയ്യും.
രക്തസമ്മർദം കൂടുതൽ
ശരീരത്തിലെ രക്തസമ്മർദത്തിന്റെ അളവ് കൂടുന്നതിൽ പലകാരണങ്ങളുമുണ്ടാകാം. ഉപ്പ് കൂടുന്നതും രക്തസമ്മർദത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കാം. ശരീരത്തിൽ ഉപ്പ് വർധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയും തകരാറിലാക്കും. ശരീരത്തിന് ആവശ്യമില്ലാത്ത ദ്രാവകം പുറംതള്ളുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
നീരുവെക്കുന്നത്
ശരീരത്തിൽ നീരുവെക്കുന്നതും ഉപ്പിന്റെ അളവ് കൂടുന്നുവെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്. മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം. പെട്ടെന്ന് ശരീരത്തിൽ നീര് അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ ഡയറ്റിലെ ഉപ്പിന്റെ ഇളവും പരിശോധിക്കണം.
ദാഹക്കൂടുതൽ
സാധാരണത്തേതിലും അമിതമായി ദാഹം തോന്നുന്നുവെങ്കിൽ അതിന് ഉപ്പും ഒരു കാരണമാകാം.
ഭാരം വെക്കുന്നത്
ഉപ്പ് അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് വണ്ണംവെക്കാനിടയാക്കും. ഏതാനും ദിവസങ്ങൾക്കോ ആഴ്ച്ചകൾക്കോ ഉള്ളിൽ വണ്ണംവെച്ചതായി തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ഉപ്പിനും സ്ഥാനമുണ്ടാകാം.
മൂത്രത്തിന്റെ അളവ് കൂടുക
ആഹാരത്തിൽ ഉപ്പ് അമിതമായി ഉൾപ്പെടുത്തുന്നവരിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും കൂടുതലായിരിക്കും. ഉപ്പ് കൂടുതൽ കഴിക്കുക വഴി ദാഹം അനുഭവപ്പെടുകയും അതുവഴി വെള്ളം കൂടുതൽ കുടിക്കുകയും ചെയ്യും. ഇത് മൂത്രത്തിന്റെ അളവും വർധിപ്പിക്കും.
ഉറക്കക്കുറവ്
ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉപ്പ് കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചതെങ്കിൽ ഉറക്കം സുഖകരമാകില്ല. മതിയായ ഉറക്കം ലഭിക്കാത്തതും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാകാം.
വയറും പ്രശ്നമാകാം
ഭക്ഷണത്തിൽ ഉപ്പ് കൂടുതലാണെങ്കിൽ നിർജലീകരണം അനുഭവപ്പെടുകയും വയർ അസ്വസ്ഥമാവുകയും ചെയ്യും. ഛർദിക്കണമെന്ന തോന്നലോ, വയറിളക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപ്പിന്റെ അളവും കാരണമായിരിക്കാം.