തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍ വാഹനമോടുന്നത് അറിയുന്നത്. ഇക്കാര്യം ബോധ്യപ്പെടുമ്പോള്‍ നടപടികളില്‍ നിന്നൊഴിവാക്കുന്നതല്ലാതെ വ്യാജന്മാരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും സ്ഥിരം സംവിധാനമില്ല.
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഉപയോഗിച്ചത് നിലമ്പൂരിലെ വാഹനത്തിന്റെ നമ്പറാണ്. ഈയടുത്ത് നടന്ന കളമശ്ശേരിയില്‍ സ്‌ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ് കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് നീല നിറത്തിലുള്ളൊരു കാര്‍ പുറത്തേക്കു പോയിരുന്നു. ഈ കാറിനെക്കുറിച്ച് പരിശോധിച്ചപ്പോഴും നമ്പര്‍ വ്യാജമാണെന്നാണ് കണ്ടെത്തിയത്. ചെങ്ങന്നൂര്‍ സ്വദേശിയുടെ കാറിന്റെ നമ്പറായിരുന്നു ഇത്. അന്വേഷണം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല.
മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണക്യാമറകളില്‍ ഓരോ ആര്‍.ടി.ഓഫീസിന്റെ പരിധിയിലും മാസം ഒരേ നമ്പറുള്ള മൂന്നു വാഹനങ്ങളെങ്കിലും പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു ജില്ലയില്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ വ്യാജനമ്പര്‍ മറ്റൊരു ജില്ലയിലായിരിക്കും. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കുറ്റകൃത്യത്തിനോ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കൂടുതലായും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ വെക്കുന്നത്. വ്യാജനമ്പര്‍ പലതരം
ഹെല്‍മെറ്റ് വെക്കാതെ പോകുന്നത് കാണിച്ച് മാളിക്കടവ് സ്വദേശിക്ക് മാറാട് പോലീസ് നോട്ടീസ് അയച്ചു. എന്നാല്‍, അദ്ദേഹത്തിന് അതിലുള്ള ഫോട്ടോയുമായോ വാഹനവുമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഉടമ പോയി സ്റ്റേഷനില്‍ വിവരം അറിയിച്ചു. അതോടെ പിഴ ഒഴിവാക്കി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് മിംസ് ആശുപത്രിക്ക് സമീപമുള്ള പാര്‍ക്കിങ്ങില്‍വെച്ച് ഒരേ നമ്പറിലുള്ള കാര്‍ പിടികൂടിയിരുന്നു. രേഖകളെല്ലാം പരിശോധിച്ചാണ് പോലീസ് ശരിയായ ഉടമയെ കണ്ടെത്തിയത്.
മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യണം
വാഹന ഉടമ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ് സൈറ്റിലെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആ മൊബൈല്‍ നമ്പറില്‍ ലഭ്യമാകുന്ന ഒ.ടി.പി. ഇല്ലാതെ വാഹനം വില്‍ക്കാന്‍ സാധിക്കില്ല. വാഹനം മോഷ്ടിക്കപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് കണ്ടെത്താനും ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിനും കഴിയും.
ഇതിന് പരിവാഹന്‍ വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പര്‍ അപ്പ്‌ഡേറ്റ് ചെയ്യാവുന്നതുമാണ്. ഫാസ്ടാഗ് വാഹനത്തിലുണ്ടെങ്കില്‍ ഏതൊക്കെ ടോള്‍ പ്ലാസ വഴി വാഹനം കടന്നുപോയി എന്ന് എസ്.എം.എസ്. വഴി അറിയാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന പരിശോധനകളില്‍ പെടാറുമുണ്ട്.