കാടുമൂടി പഴശ്ശി പദ്ധതിയുടെ ഐ.ബി ഓഫിസ്

ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഐ.ബി ഓഫിസ് കാടുമൂടി നശിക്കുന്നു.പദ്ധതിയുടെ പ്രതാപകാലത്ത് ഒട്ടേറെ വി.ഐ.പികളും വി.വി.ഐ.പികളും ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ബംഗ്ലാവ് കെട്ടിടമാണ് കാട്ടിനുള്ളിൽ നശിക്കുന്നത്.ഐ.ബി കെട്ടിടം കാലപ്പഴക്കത്താൽ ഉപയോശൂന്യമായി.
ഐ.ബിയോട് അനുബന്ധിച്ചുള്ള പൂന്തോട്ടം വർഷങ്ങൾക്ക് മുമ്പ് തന്നെ നശിച്ചിരുന്നു. 2012 ലെ വെള്ളപൊക്കത്തിൽ പദ്ധതിയുടെ ഇരുകരകളിലും ഉണ്ടായിരുന്ന പൂന്തോട്ടം പദ്ധതിയിൽ നിന്നും വെള്ളം കവിഞ്ഞൊഴുകി നശിച്ചിരുന്നു.
പദ്ധതിയോട് ചേർന്ന് ഉല്ലാസ കേന്ദ്രം സ്ഥാപിക്കുന്നതിന് ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി ഇല്ലാത്തതിനാൽ പൂന്തോട്ടം നവീകരിക്കാൻ കഴിഞ്ഞില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലായിരുന്ന ഉധ്യാനകേന്ദ്രം ഇതോടെ കാട്ടിനുള്ളിലായി.
ഐ.ബി പരിസരത്തോട് ചേർന്നുള്ള പൂന്തോട്ടം ഡാം പരിസരത്തുനിന്നും ഏറെ മാറിയാണ് ഉണ്ടായിരുന്നതെങ്കിലും അവ സംരക്ഷിക്കാനും ഡി.ടി.പി.സി തയാറായില്ല. പൂന്തോട്ടം ഇല്ലാതായതോടെ ആളും അനക്കവും ഇല്ലാതായി. ഐ.ബിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ വിരമിച്ചതോടെ പുതിയ നിയമനവും ഉണ്ടായില്ല. റോഡും തടയപ്പെട്ടതോടെ കെട്ടിടം പൂർണമായും അവഗണിക്കപ്പെട്ടു.