അയ്യപ്പഭക്തരെ കോസ്റ്റ് ഗാര്‍ഡ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

ശ്രീകണ്ഠപുരം: ശബരിമല ദര്‍ശനത്തിന് മാലയിട്ട അയ്യപ്പഭക്തരെ കോസ്റ്റ് ഗാര്‍ഡ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. ശനിയാഴ്ച രാവിലെ ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂളില്‍ പരീക്ഷ എഴുതാനെത്തിയ ആറ് ഉദ്യോഗാര്‍ഥികളെയാണ് കോസ്റ്റ് ഗാര്‍ഡ് ഓഫിസര്‍ തടഞ്ഞത്. സ്കൂള്‍ പ്രിന്‍സിപ്പലും മറ്റും പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും ഓഫിസര്‍ നിലപാട് മാറ്റാന്‍ തയാറായില്ലത്രേ.
സിഡാക് നടത്തുന്നതാണ് പരീക്ഷ. ആചാരത്തിന്റെ ഭാഗമായാണ് മാലയിട്ടതും കറുപ്പ് വസ്ത്രം ധരിച്ചതെന്നും പറഞ്ഞുവെങ്കിലും പരീക്ഷഹാളില്‍ ആഭരണം ധരിച്ചുവരുന്നത് ചട്ടത്തിന് വിരുദ്ധമാണെന്നായിരുന്നു ഓഫിസറുടെ നിലപാട്. തർക്കമാവുന്ന ഘട്ടമായതോടെ സംഭവമറിഞ്ഞ് ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ഓഫിസര്‍ പറഞ്ഞതിനെ ന്യായീകരിച്ചു. ഇക്കാര്യം രേഖാമൂലം നല്‍കണമെന്ന് ആറുപേരും ആവശ്യപ്പെട്ടതോടെ അവര്‍ക്കെല്ലാം പ്രത്യേകമായി ഇ-മെയിൽ വഴി കാരണം മറുപടിയായി അയച്ചുകൊടുത്തു. ഇനി പരീക്ഷയെഴുതാൻ മറ്റൊരു അവസരം ലഭിക്കുമോ എന്നാരാഞ്ഞെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.