എഴുപത്തിയെട്ട് വയസിൽ നാലാം തവണ നൂറുമീറ്റർ നേടി ചോയിച്ചി അമ്മ

നീലേശ്വരം: കാസർകോട് കോടോം ബേളൂർ മുക്കുഴിയിലെ ചോയിച്ചിയമ്മയെന്ന എഴുപത്തിയെട്ടുകാരിയാണ് സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ താരം. അറുപത് വയസിന് മുകളിലുള്ളവരുടെ മത്സരവിഭാഗത്തിൽ ഇക്കുറി കൂടി നൂറുമീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയതോടെയാണിത്. തുടർച്ചയായ നാലാംതവണയാണ് ചോയിച്ചി അമ്മയുടെ നേട്ടം.
സാമ്പത്തിക പരാധീനത മൂലം മുമ്പ് മൂന്നുതവണയും ദേശീയമീറ്റിൽ പങ്കെടുക്കാൻ കഴിയാത്ത ഇവർക്ക് ഇക്കുറി ആരെങ്കിലും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയുണ്ട്.കഴിഞ്ഞതവണ 100 മീറ്റർ ഓട്ടത്തിന് പുറമെ ജാവലിൻ ത്രോയിലും ഷോട്ട്പുട്ടിലും ഒന്നാംസ്ഥാനം നേടിയിരുന്നു.ഇത്തവണ നൂറുമീറ്റിന് പുറമെ മൂന്ന് കിലോ മീറ്റർ നടത്തത്തിലും ജാവലിനിലും ചോയിച്ചിയമ്മ മത്സരിക്കുന്നുണ്ട്.
ഒരാൾക്ക് മൂന്നിനങ്ങളിൽ മാത്രമേ മത്സരിക്കാൻ പാടുള്ളുവെന്ന നിബന്ധനയില്ലെങ്കിൽ കഴിഞ്ഞ തവണ നേടിയ ഷോട്ട്പുട്ടിലും പങ്കെടുക്കാമായിരുന്നുവെന്ന് ഇവർ പറയുന്നു.കോടോംബേളൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയാണിവർ. തന്നേക്കാൾ പ്രായംകുറഞ്ഞവർ ക്ഷീണിച്ച് ഇരിക്കുമ്പോഴും ചോയിച്ചി അമ്മ ജോലിയിൽ തുടരുന്നുണ്ടാകും.
കുണ്ടംകുഴി ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപികയായ വാസന്തിയും കൂലിപണിക്കാരിയായ ഓമനയുമാണ് മക്കൾ. അമ്മ നൽകിയ ഊർജം തന്നെയാണ് വാസന്തിയെ കായിക അദ്ധ്യാപികയാക്കിയതും. മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 30 വയസിന് മുകളിലായി 800 ഓളം കായികതാരങ്ങളാണ് മാറ്റുരയ്ക്കാനെത്തുന്നത്. 24 ഓളം മത്സരങ്ങളാണ് മീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.