കേരളവര്‍മ കോളേജിലെ റീകൗണ്ടിങ്; എസ്.എഫ്.ഐക്ക് മൂന്ന് വോട്ടിന് ജയം

Share our post

തൃശ്ശൂര്‍: ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ട്‌ വീണ്ടും എണ്ണിയപ്പോള്‍ എസ്.എഫ്.ഐക്ക് വിജയം. മൂന്ന് വോട്ടിനാണ് ജയിച്ചത്. എസ്.എഫ്.ഐ സ്ഥാനാര്‍ഥി കെ.എസ് അനിരുദ്ധന്‍ 892 വോട്ട് നേടി കോളജ് യൂണിയന്‍ ചെയര്‍മാനാകും .കെ.എസ്.യു സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന്‌ 889 വോട്ടാണ് ലഭിച്ചത്‌.

കേരളവര്‍മ കോളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി കെ.എസ്. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചെയര്‍മാന്‍ സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ നിയമവ്യവസ്ഥ കര്‍ശനമായി പാലിച്ച് വീണ്ടും എണ്ണാനും ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടിരുന്നു.
നേരത്തെ കൗണ്ടിങ്ങില്‍ കെ.എസ്.യു. സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ചിരുന്നു.
എന്നാല്‍, കെ.എസ്.യു.വിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. ഉന്നതങ്ങളില്‍നിന്നുള്ള ഫോണ്‍വിളിയെത്തുടര്‍ന്ന് വീണ്ടും എണ്ണുകയായിരുന്നെന്നാണ് പരാതി. എന്നാല്‍, എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ.എസ്.യു പരാതിപ്പെട്ടു.
ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. രണ്ടാമത് എണ്ണിയപ്പോള്‍ മൂന്നുവോട്ടിന് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി അനിരുദ്ധന് ജയം. ഇതോടെ കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്‌കരിച്ചു. പിന്നീട് രാത്രി 12 മണിയോടെ അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതും തിരഞ്ഞെടുപ്പ് നടപടികള്‍ കോടതി കയറിയതും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!